തിരുവനന്തപുരം: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശൻ അറസ്റ്റിൽ. ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിൽ സൈബർ പൊലീസാണ് ദിനേശനെ അറസ്റ്റ് ചെയ്തത്. തന്നെ പറ്റി അപവാദ പരാമർശമുള്ള വിഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയിരുന്നത്. ഇന്നലെയായിരുന്നു അറസ്റ്റ്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.
ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിലാണ് ശാന്തിവിള ദിനേശനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ശാന്തിവിള ദിനേശ് കോടതിയിൽ പോയി മുൻകൂർ ജാമ്യം നേടിയിരുന്നു.
മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ദിനേശ് സമൂഹമാധ്യമങ്ങളിൽ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടർന്ന് വിഡിയോ നീക്കം ചെയ്തിരുന്നു.
നേരത്തെ യൂടൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
ഹൈക്കോടതിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേർക്കു മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.