തിരുവനന്തപുരം: കേരളാ സർവകലാശാല മാർക്ക് തട്ടിപ്പിൽ ജീവനക്കാരനെ പ്രതിയാക്കി പോലീസ് കേസെടുത്തു. സെക്ഷൻ ക്ലർക്ക് വിനോദിനെതിരെയാണ് കേസെടുത്തത്. ബിഎസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദ പരീക്ഷയിൽ മാർക്ക് തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട് വഞ്ചനാകുറ്റം ഉൾപ്പെടെ ചുമത്തി കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. സംഭവത്തിൽ സെക്ഷൻ ക്ലർക്ക് വിനോദിനെ സർവകലാശാല നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ബിഎസ് സി കമ്പ്യൂട്ടർ സയൻസ് അവസാന സെമസ്റ്റർ പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. മാർക്ക് തിരുത്തി നൂറിലേറെ വിദ്യാർത്ഥികളെ വിജയിപ്പിച്ചെന്നായിരുന്നു പ്രഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനു പിന്നാലെ സർവകലാശാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്.
ക്ലർക്ക് വിനോദിനെതിരെ വഞ്ചാനാ കുറ്റത്തിനു പുറമെ ഐ.ടി. നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി വിനോദ് മാർക്ക് തിരുത്തിയെന്നാണ് സർവകലാശാല നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനായി പോലീസിന് പരാതി നൽകിയത്.
പരീക്ഷ ടാബുലേഷൻ സോഫ്ട്‍വെയറിലെ പഴുതുകൾ ഉപയോഗിച്ചാണ് മാർക്ക് തിരിമറി നടത്തിയത്. പാസ്സ്‌വേർഡ്‌കൾ കൈകാര്യം ചെയ്യാൻ സെക്ഷൻ ഓഫീസർമാർക്ക് അധികാരം നൽകിയതോടെയാണ് മാർക്ക് തിരിമറിക്ക് വഴിതുറന്നത്. മറ്റു പരീക്ഷകളിലും മാർക്ക് തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന്പോലീസ് പരിശോധിക്കും.