ന്യൂഡെൽഹി: ഹിസ്ബുൾ സംഘത്തിൽപ്പെട്ട പാക് ഭീകരരിൽ നിന്ന് പഞ്ചാബ് മേഖലയിൽ ആയുധങ്ങളും പണവും കണ്ടെത്തി. ദേശിയ അന്വേഷണ ഉദ്യോഗസ്ഥരാണ് റെയ്ഡിൽ ഇവ കണ്ടെത്തിയത്.അമൃതസർ കേന്ദ്രീകരിച്ച് ഹിസ്ബുൾ ബന്ധമുള്ളയാളുടെ വീട് അന്വേഷണ സംഘം റെയ്ഡ് ചെയ്താണ് ഇവ പിടിച്ചെടുത്തത്.
അമൃതസറിലും ഗുർദാസ്പൂറിലും വീടുകളുള്ള മൻപ്രീത് സിംഗിന്റെ വീട്ടിലാണ് അന്വേഷണ സംഘം എത്തിയത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുമായി ചേർന്ന് പ്രവർത്തിക്കുന്ന രഞ്ജിത് സിംഹ്, ഇഖ്ബാൽ സിംഗ് എന്നിവരെ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് തുടരുന്നത്. മയക്കുമരുന്ന് അടക്കം രാജ്യത്ത് പാകിസ്താനിൽ നിന്ന് എത്തിക്കുന്ന വൻ ശൃംഖലയുടെ ഭാഗമാണിവരെന്ന് എൻഐഎ വ്യക്തമാക്കി.
റെയ്ഡിൽ തോക്കും വെടിയുണ്ടകൾക്കുമൊപ്പം കണക്കിൽപെടാത്ത ഇരുപതുലക്ഷം രൂപ കണ്ടെത്തി.ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. ഹെറോയിൻ അടക്കം വിൽപ്പന നടത്തുന്ന സംഘം മയക്കുമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, പായ്ക്കിംഗ് മെഷീൻ എന്നിവയും കണ്ടെത്തി. ഇവരുപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു.