കൊച്ചി: മലപ്പുറം ചമ്രവട്ടം റെഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സ് കേസ്. പദ്ധതി അനുബന്ധ റോഡുകള്‍ക്ക് കരാര്‍ നല്‍കിയതില്‍ 35 കോടി രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയിൽ കേസ് എടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ടി ഒ സൂരജ് ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡി കെ എസ് രാജു, ചീഫ് എന്‍ജിനീയര്‍ പി കെ സതീശന്‍, ജനറല്‍ മാനേജര്‍ ശ്രീനാരായണന്‍, മാനേജിംഗ് ഡയറക്ടര്‍ പി ആര്‍ സന്തോഷ് കുമാര്‍, ഫിനാന്‍സ് മാനേജര്‍ ശ്രീകുമാര്‍, അണ്ടര്‍ സെക്രട്ടറി എസ് മാലതി, കരാറുകാരായ പി ജെ ജേക്കബ്, വിശ്വനാഥന്‍ വാസു അരങ്ങത്ത്, കുരീക്കല്‍ ജോസഫ് പോള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു.
ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജിന്റെ അഞ്ച് അനുബന്ധ റോഡുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലൂടെ കോടികളുടെ വെട്ടിപ്പ് നടത്തിയെന്നാണ് പരാതി.