ന്യൂഡെൽഹി: സിനിമ തിയറ്ററുകളിൽ ഇനിമുതൽ മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദർശനം നടത്താമെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥിതിഗതികൾ വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപെടുത്താമെന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശിപാർശപ്രകാരം വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മള്‍ട്ടിപ്ലക്സ് അടക്കം എല്ലാ തിയറ്ററുകളിലും ഇളവ് ബാധകമാക്കിയാണ് പുതുക്കിയ ഉത്തരവ്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ തിയറ്റർ തുറക്കാൻ പാടില്ല. തിയറ്ററിൽ മാസ്കും സാനി റ്റൈസറും നിര്‍ബന്ധമാണ്. തിയറ്ററിന് പുറത്ത് സാമൂഹിക അകലം (ആറ് അടി) കൃത്യമായി പാലിക്കണമെന്ന് നിർദേശമുണ്ട്.
പ്രദർശനത്തിന് മുമ്പ് തിയറ്റര്‍ അണുവിമുക്തമാക്കണം. പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം. ഇടവേളകളില്‍ ശുചിമുറിയിലെ തിരക്ക് ഒഴിവാക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.
തിരക്കുണ്ടാവാത്ത തരത്തില്‍ മള്‍ട്ടിപ്ലെക്സുകളിലെ പ്രദര്‍ശന സമയങ്ങള്‍ ക്രമീകരിക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുന്നയാളുടെ ഫോൺ നമ്പർ ശേഖരിക്കാനും നിർദേശിച്ചിട്ടുണ്ട്.
അണ്‍ലോക്ക് 5.0യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതൽ രാജ്യത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 308 ദിവസം അടഞ്ഞുകിടന്ന കേരളത്തിലെ തിയറ്ററുകൾ ജനുവരി പകുതിയോടെയാണ് തുറന്നത്.
നീണ്ട ഇടവേളക്കുശേഷം തിയറ്റർ തുറന്ന വേളയിൽ വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററാണ് സ്ക്രീനിലെത്തിയത്.