ന്യൂഡെൽഹി: കേരളാ എന്‍സിപി നേതാക്കളുമായി ശരദ് പവാര്‍ ഡെൽഹിയില്‍ നടത്താനിരുന്ന പ്രശ്‍ന പരിഹാര ചര്‍ച്ച മാറ്റിവെച്ചു. ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന ചര്‍ച്ച മൂന്നിലേക്കാണ് മാറ്റിയത്. ഒന്നാം തിയതി എത്താന്‍ അസൗകര്യമുണ്ടെന്ന് ശശീന്ദ്രന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഒന്നിന് ഡെൽഹിയിലെത്തുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.
പാലായിൽ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഇനി ഇടതുമുന്നണിക്ക് ഒപ്പം നിൽക്കുന്നതിൽ അര്‍ത്ഥമുണ്ടോ എന്ന ചോദ്യമാണ് മാണി സി കാപ്പൻ ദേശീയ നേതൃത്വത്തിനോട് ഉന്നയിക്കുന്നത്. മുന്നണി മാറ്റക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് ടിപി പിതാംബരനും ശരദ് പവാറിന് കത്ത് എഴുതിയിരുന്നു.
ഒരു വര്‍ഷവും ഏഴ് മാസവും മാത്രമാണ് പാലായുടെ എംഎൽഎ ആയി ഇരിക്കാൻ കഴിഞ്ഞുള്ളു. മൂന്ന് തവണ ശക്തമായ മത്സരം കാഴ്ചവച്ച് നാലാം തവണയാണ് ജയിച്ച് കയറിയത്. പാലായിൽ നിന്ന് മാറേണ്ട ഒരു സാഹചര്യവും നിലവിലില്ല. പാര്‍ട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണം. ഇക്കാര്യം ശരദ് പവാറിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം പവാറിന്‍റെതാണെന്നും മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.