കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ട സംഭവം; റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

മേപ്പാടി: വയനാട്​ എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്‍റിൽ താമസിച്ച വിനോദസഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.

റിസോർട്ട് നടത്തിപ്പുകാരായ നൂൽപ്പുഴ കല്ലൂർ സ്വദേശി സുനീറും ചീരാൽ സ്വദേശി റിയാസുമാണ്​ അറസ്റ്റിലായത്. ഇരുവരെയും സ്​റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം മേപ്പാടി സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്കും അതുമായി ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത്​ കേസെടുക്കുമെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന.

മേപ്പാടിയിലെ റിസോർട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ ചേലേരി കണ്ണാടിപ്പറമ്പ് സ്വദേശിനി ഷഹാനയായിരുന്നു (26) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കോഴിക്കോട് പേരാമ്പ്ര ദാറുന്നുജൂം ആർട്‌സ് ആൻഡ്​ സയൻസ് കോളജിൽ സൈക്കോളജി അധ്യാപികയായിരുന്നു ഷഹാന. 30 അംഗ സംഘത്തിനൊപ്പം എത്തിയ യുവതി റിസോർട്ടിനു പുറത്തു കെട്ടിയ ടെന്‍റിലിരിക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ വയനാട് ജില്ലാ കലക്ടർ നടത്തിയ അന്വേഷണത്തിൽ റിസോർട്ടിൽ ഗുരുതര സുക്ഷാ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു.