ന്യൂഡെൽഹി: മാധ്യമപ്രവർത്തകർക്കും ശശി തരൂർ എംപിക്കുമെതിരായ എഫ്‌ഐആറിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത്തരമൊരു പ്രവൃത്തിയിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. എഫ്‌ഐആറിട്ട് ജനപ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ ശീലം വളരെ വിഷമയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
“ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭയത്തിന്റെ അന്തരീക്ഷം ജനാധിപത്യത്തിന് അപകടകരമാണ്. മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരേയും ജനപ്രതിനിധികൾക്കെതിരേയും എഫ്‌ഐആർ ഇട്ടതിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി സർക്കാർ കീറി മുറിച്ചു”, പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഡെൽഹിയിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിക്കിടെ നടന്ന അക്രമത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കോൺഗ്രസ് എംപി ശശി തരൂരിനെതിരേയും ആറ് മാധ്യമപ്രവർത്തകർക്കെതിരേയും നോയിഡ പോലീസ് കേസെടുത്തിരുന്നു. മൃണാൾ പാണ്ഡെ, രാജ്ദീപ് സർദേശായി, വിനോദ് ജോസ്, സഫർ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നീ മാധ്യമപ്രവർത്തകർക്കെതിരേയാണ് എഫ്ഐആർ ചുമത്തിയത്.