തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി എസ് സി പരീക്ഷയിൽ വീണ്ടും തിരിമറി. കമ്പ്യൂട്ടർ സയൻസ് ഡിഗ്രി പരീക്ഷയിൽ വ്യാപകമായ തിരിമറി നടത്തി നൂറുകണക്കിന് വിദ്യാർത്ഥികളെ വിജയിപ്പിച്ചതായാണ് കണ്ടെത്തൽ. ഒരു വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടി നൽകിയതായി കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ വിഭാഗത്തിലെ ഒരു സെക്ഷൻ ഓഫീസറെ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിനു പ്രോ വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥൻ മറ്റു നൂറോളം വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തിയാതായി അറിയുന്നുവെങ്കിലും യൂണിവേഴ്സിറ്റി അധികൃതർ തിരിമറി രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മാർക്ക് കൂട്ടി നൽകുന്നതിന് വിദ്യാർഥികളിൽനിന്ന് ചില ജീവനക്കാർ വലിയ തുക പ്രതിഫലമായി കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്.
സർവകലാശാല പരീക്ഷവിഭാഗത്തിലെ മറ്റു സെക്ഷനുകളിലും ഇതേ രീതിയിൽ കമ്പ്യൂട്ടർ പാസ്‌വേഡ് ഉപയോഗിച്ച് വ്യാപകമായ രീതിയിൽ മാർക്ക് തട്ടിപ്പ് നടക്കുന്നതായി ആക്ഷേപമുണ്ട്. ബി എസ് സി പരീക്ഷയിൽ തോറ്റ 23 പേർക്ക് ഒരു വർഷം മുൻപ് നൽകിയ ബിരുദസർട്ടിഫിക്കേറ്റുകൾ റദ്ദാക്കാൻ സർവകലാശാല തീരുമാനിച്ചുവെങ്കിലും അവരുടെ കൈവശമുള്ള സർട്ടിഫിക്കറ്റുകൾ ഇതേവരെയും മടക്കിവാ ങ്ങിയിട്ടില്ല.
പരീക്ഷ ടാബുലേഷൻ സോഫ്റ്റ്‌വെയറിലെ പഴുതുകൾ ഉപയോഗിച്ചാണ് വ്യാപകമായ മാർക്ക് തിരിമറി നടത്തുന്നത്. മുമ്പ് മാനുവലായി മാർക്ക് ടാബുലേറ്റ് ചെയ്തിരുന്നപ്പോൾ മാർക്കിൽ വ്യത്യാസം വരുത്തേണ്ടപ്പോൾ ഡെപ്യൂട്ടി രജിസ്ട്രാർ വരെ ഉള്ള ഉദ്യോഗസ്ഥർ അംഗീകരിച്ച് ഒപ്പ് വയ്ക്കുന്ന രീതിയാണ് നടപ്പാക്കിയിരുന്നത്.
കമ്പ്യൂട്ടർ വഴി മാർക്ക് രേഖപ്പെടുത്തൽ നടപ്പായതോടെ പരീക്ഷകൺട്രോളറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർക്കിൽ മാറ്റം വരുത്താനുള്ള അധികാരം കമ്പ്യൂട്ടർ സെന്റർ ഡയറക്ടർക്ക് മാത്രമായിരുന്നു.ആ അധികാരം ഇപ്പോൾ സെക്ഷൻ ഓഫീസർമാർക്ക് നേരിട്ട് നൽകിയതോടെ, മറ്റ് സെക്ഷനിൽ ഉള്ളവർക്ക് അവരുടെ പാസ്സ്‌വേർഡ് ഉപയോഗിച്ച് ആരുടെ മാർക്കുകളും മാറ്റാൻ കഴിയുന്ന രീതിയിലാണ് സോഫ്റ്റ്‌വെയർ ഇപ്പോൾ സജ്ജീകരിച്ചിട്ടുള്ളത്. ഈ പഴുതുപയോഗിച്ച് ആർക്കും മാർക്ക് തിരുത്തുവാൻ സാധിക്കും.
കഴിഞ്ഞവർഷം 380 കുട്ടികളുടെ മോഡറേഷൻ തെറ്റായി കൊടുത്തത് കമ്പ്യൂട്ടർ പിശകാണെന്നായിരുന്നു സർവകലാശാല നിയോഗിച്ച അന്വേഷണസമിതിയുടെ കണ്ടെത്തൽ. വിശദമായ അന്വേഷണം നടത്തുവാൻ പോലീസിന് സർവകലാശാല പരാതി കൈമാറിയെങ്കിലും ബന്ധപ്പെട്ട ഫയലുകളും രേഖകളും പോലീസിന് ഇതേവരെ കൈമാറിയിട്ടില്ല. 2008ലെ വിവാദ അസിസ്റ്റൻറ് നിയമന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശിയായ ഒരു സെക്ഷൻ ഓഫീസർ ആണ് മാർക്ക് തിരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ.