കൊളംബോ: ഇന്ത്യ സൗജന്യമായി നല്കിയ കൊറോണ വാക്സിൻ സ്വീകരിക്കാനായി ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടഭയ രജപക്സെ നേരിട്ടെത്തി. വ്യാഴാഴ്ച കൊളംബോ അന്താരാഷ്ട്രവിമാനത്താവളത്തിൽ പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ എത്തിച്ച അഞ്ചു ലക്ഷം ഡോസ് വാക്സിനാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. ഇന്ത്യൻ സ്ഥാനപതി ഗോപാൽ ബാഗ്ലേയും ഒപ്പമുണ്ടായിരുന്നു.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിൻ 44 പെട്ടികളിലാണു എത്തിച്ചത്. കഴിഞ്ഞ ദിവസമാണ് ഈ വാക്സിന് ലങ്കൻ സർക്കാർ അനുമതി നല്കിയത്.
‘ആദ്യം അയൽക്കാർ’ എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യ അയൽരാജ്യങ്ങൾക്ക് വാക്സിനുകൾ വിതരണം ചെയ്യുന്നത്. നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങൾക്കു നേരത്തേ വിതരണം ചെയ്തിരുന്നു.