കോൽക്കത്ത: പശ്ചിമ ബംഗാളിൽ റാലിയിൽ രാജ്യദ്രോഹികളെ വെടിവയ്ക്കുക എന്ന മുദ്രാവാക്യം ഉയർത്തിയ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥൻ ജോലി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
കോൽക്കത്ത ചന്ദൻഗർ പോലീസ് കമ്മീഷണർ ഹുമയൂൺ കബീർ ആണ് രാജിവച്ചത്.ജനുവരി 21 ന് നടന്ന റാലിയിലാണ് ബിജെപി അണികൾ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. രാജ്യദ്രോഹികളെ വെടിവയ്ക്കൂ എന്ന മുദ്രാവാക്യം മുഴക്കിയ മൂന്നു പേരെ കലാപത്തിന് ആഹ്വാനം ചെയ്തെന്നാരോപിച്ച് ഹുമയൂൺ കബീർ അറസ്റ്റ് ചെയ്തു.
ഐജി റാങ്കിലേക്ക് അദ്ദേഹത്തിന് ഡിസംബറിൽ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.ഹുമയൂൺ കബീറിൻറെ നടപടി വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. ബിജെപി റാലിക്ക് തൊട്ടുതലേദിവസം തൃണമൂൽ റാലിയിൽ സമാന മുദ്രാവാക്യം മുഴങ്ങിയിരുന്നു. എന്നാൽ ഇതിൽ നടപടിയൊന്നും ഉണ്ടായില്ല. ഇതാണ് ആക്ഷേപത്തിനു കാരണമായത്.
ചന്ദൻഗർ പ്രാദേശിക ബിജെപി നേതാവ് സുരേഷ് ഷോയും മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായത്. ബിജെപി നേതാവ് സുവേന്ദു അധികാരിയും ഹൂഗ്ലി എംപി ലോക്കറ്റ് ചാറ്റർജിയും നയിച്ച റാലിയിലായിരുന്നു കൊലവിളി മുദ്രാവാക്യം മുഴങ്ങിയത്. സുവേന്ദു അധികാരി തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അടുത്ത അനുയായി ആയിരുന്നു. കഴിഞ്ഞ മാസമാണ് സുവേന്ദു തൃണമൂൽവിട്ട് ബിജെപിയിൽ എത്തിയത്.