ന്യൂഡെൽഹി: കൊറോണയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവർഷം 11 ശതമാനം വളർച്ചനേടുമെന്ന് സാമ്പത്തിക സർവെ.
ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമന്റിൽ വെച്ച സാമ്പത്തിക സർവെയിലാണ് രാജ്യം മികച്ചവളർച്ചനേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്.
നടപ്പ് സാമ്പത്തികവർഷത്തെ വളർച്ച 7.7ശതമാനത്തിലൊതുങ്ങുമെന്നാണ് സർവെയിൽ പറയുന്നത്. അടുത്തവർഷം ആകൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
നൂറ്റാണ്ടിലൊരിക്കൽമാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെയാണ് രാജ്യം നേരിട്ടത്. ആഗോളതലത്തിൽ 90ശതമാനത്തിലധികം രാജ്യങ്ങൾ ഈ പ്രതിസന്ധിയിൽ ആടിയുലഞ്ഞു.
നടപ്പ് സാമ്പത്തികവർഷം ആദ്യപാദത്തിൽ ജിഡിപി 23.9ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തിലാകട്ടെ ഇത് 7.5ശതമാനമായി കുറയ്ക്കാൻ രാജ്യത്തിനായി. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളർച്ചയാണ് കാണിക്കുന്നതെന്നും സാമ്പത്തിക സർവെയിൽ പറയുന്നു.
പൊതുമേഖല ബാങ്കുകളുടെ മൂലധനംവർധിപ്പിക്കുന്നതിന് സാമ്പത്തിക സർവെ കൂടുതൽ പ്രാധാന്യം നൽകുന്നു. ആവശ്യത്തിന് മൂലധനമില്ലാതായാൽ വായ്പ ലഭ്യമാക്കുന്നതിനെ ബാധിക്കുകയും സാമ്പത്തിക വീണ്ടെടുക്കലിന് അത് തടസ്സമാകുകയുംചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത് മൊത്തംവളർച്ചയെതന്നെ ബാധിച്ചേക്കാം.
രാജ്യത്തെ ബാങ്കിങ് മേഖലയിലെ 60ശതമാനം വിഹിതവും പൊതുമേഖല ബാങ്കുകളുടേതാണ്. നിഷ്കൃയ ആസ്തിയിൽ 90ശതമാനവും ഈ ബാങ്കുകളിലാണെന്നത് ഗൗരവം അർഹിക്കുന്നു.
2021 സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽതന്നെ വിമാനസർവീസുകൾ കൊറോണയ്ക്ക് മുമ്പുള്ള നിലയിലേയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മെയ് മാസത്തോടെ സ്വകാര്യ തീവണ്ടി സർവീസുകളുടെ ലേലം പൂർത്തിയാക്കും. 2023-24 സാമ്പത്തിക വർഷത്തോടെ സ്വകാര്യ തീവണ്ടികൾ ഓടിത്തുടങ്ങുമെന്നും സർവെയിൽ പറയുന്നു.
സാമ്പത്തിക സർവെ മേശപ്പുറത്തുവെച്ചതോടെ സഭ പരിഞ്ഞു. ബജറ്റ് അവതരണത്തിനായി തിങ്കളാഴ്ച 11 മണിയോടെയാണ് വീണ്ടുംചേരുക.