ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. സുരക്ഷ ശക്തമാക്കാൻ നടപടികൾ സ്വീകരിച്ചതായി സിഐഎസ്എഫ് അറിയിച്ചു.വിമാനത്താവളങ്ങൾ, പ്രമുഖ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയ്ക്ക് അർധസൈനിക വിഭാഗമായ സിഐഎസ്എഫ് ജാഗ്രതാനിർദേശം നൽകി.
ഇസ്രയേൽ എംബസിക്ക് 50 മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. അതീവ സുരക്ഷാ മേഖലയിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. എംബസിക്കു സമീപം നടപ്പാതയിലാണ് ചെറിയ സ്ഫോടനം ഉണ്ടായത്. ഡൽഹി പോലീസ് സ്പെഷൽ സെൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടകവസ്തു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് നടപ്പാതയിൽ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർന്നത്.