വാഷിംഗ്ടൺ: ഒറ്റ റോക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഐഎസ്ആർഒയുടെ റെക്കാഡ് സ്‌പേസ് എക്‌സ് റാഞ്ചി. 2017 ഫെബ്രുവരിയിൽ പിഎസ്എൽവി-സി 37 റോക്കറ്റിൽ 104 ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. ഞായറാഴ്ച സ്‌പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ് 143 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു.
ഒരു റോക്കറ്റിൽ നൂറിലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചവരുടെ ക്ളബിൽ സ്പെയ്സ് എക്സും ഐഎസ്ആർഒയും മാത്രം. 2014ൽ റഷ്യയുടെ നീപ്പർ റോക്കറ്റ് 37ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്.ട്രാൻസ്‌പോർട്ടർ 1 എന്ന ഈ ദൗത്യം സ്‌പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ശൃംഖലയ്‌ക്കായി 10 ഉപഗ്രഹങ്ങളും ഭൂമിയിലെ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ കൂട്ടമായ പ്ലാനറ്റ് ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്കായി 130 ഉപഗ്രഹങ്ങളും കാലാവസ്ഥാ നിരീക്ഷണത്തിന് ചെറിയ റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്ന ഐ. സി. ഇ. ഇയുടെ ഉപഗ്രഹവും ഉൾപ്പെടെയാണ് 143ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ചത്.
ഐഎസ്ആർഒയുടെ മാതൃകയിൽ ചെലവുകുറഞ്ഞ വിക്ഷേപണത്തിന് സ്‌പേസ് എക്സ് 2019ൽ പ്രഖ്യാപിച്ച റൈഡ് ഷെയർ പദ്ധതിയിൽ ആദ്യത്തേതാണ് ട്രാൻസ്‌പോർട്ടർ 1 മിഷൻ. സ്‌മാർട്ട്‌ഫോണിനെ പോലെ ചെറുതും അടുക്കളയിലെ റഫ്രിജറേറ്ററിന്റെ അത്ര വലുതുമായ ഉപഗ്രഹങ്ങളുണ്ട്. പുതിയ വിപണിയാണ് ചെറിയ ഉപഗ്രഹവിക്ഷേപണങ്ങൾ.
ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ വെറും പത്ത് ലക്ഷം ഡോളർ ആണ് സ്‌പേസ് എക്സിന്റെ വാഗ്ദാനം. പുനരുപയോഗ റോക്കറ്റായതിനാൽ ഐഎസ്ആർഒയ്‌ക്ക് വെല്ലുവിളിയുമാകും.ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ചെറിയ റോക്കറ്റുകളുമായി ഡസൻകണക്കിന് കമ്പനികൾ രംഗത്തുണ്ട്. ഐഎസ്ആർഒയും എസ്എസ്എൽവി (സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ) എന്ന പേരിൽ 500കിലോയിൽ കുറവുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാവുന്ന റോക്കറ്റ് വികസിപ്പിച്ചിട്ടുണ്ട്.
ഈ വർഷം സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വിക്ഷേപണം ആരംഭിക്കാനിരിക്കെയാണ് സ്‌പേസ് എക്സ് പണി തുടങ്ങിയത്. യൂറോപ്പിലെ റോക്കറ്റ് ലാബ്, വിർജിൻ ഓർബിറ്റ് എന്നിവയും ചെറിയ ഉപഗ്രഹവിക്ഷേപണ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.