അമ്മയെയും മകനെയും കൊലപ്പെടുത്തി 17 കിലോ സ്വര്‍ണ്ണം കവര്‍ന്നു; പ്രതികളിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ മയിലാടുംതുറൈയിൽ ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനെയും കൊലപ്പെടുത്തി 17 കിലോ സ്വര്‍‍ണ്ണാഭരണങ്ങള്‍ കൊള്ളചെയ്തു. ഇന്ന് രാവിലെ മയിലാടുംതുറെ ജില്ലയിലെ സീര്‍കാസിയിലെ ജ്വല്ലറി ഉടമയുടെ വീട്ടിലാണ് സംഭവം നടന്നത്. ഉടമയടക്കം രണ്ടുപേര്‍ക്കും കാര്യമായ പരിക്കേറ്റു.

അതേ സമയം കൊള്ള നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ബാക്കിയുള്ളവരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്നും മോഷണ മുതല്‍ കണ്ടെടുത്തു. രാവിലെ ആറുമണിയോടെയാണ് കൊള്ള സംഘം ജ്വല്ലറി ഉടമയായ ധനരാജിന്‍റെ വീട്ടില്‍ ആയുധങ്ങളുമായി കടന്നുകയറിയത്.

ധനരാജിന്‍റെ ഭാര്യ ആശ (45) വയസ്, മകന്‍ അഖില്‍ (28) വയസ് എന്നിവരെ ക്രൂരമായി വെട്ടി കൊലപ്പെടുത്തി. അഖിലിന്‍റെ ഭാര്യ നിഖില (23) വയസ് ധനരാജ് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് അക്രമകാരികള്‍ വീടിന് തൊട്ട് സ്ഥിതി ചെയ്യുന്ന ആഭരണക്കട കൊള്ളയടിച്ചു.

സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് വിശദമായ തിരിച്ചിൽ ആരംഭിച്ചു. തുടര്‍ന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് അടുത്തുള്ള എരിക്കൂര്‍ എന്ന ഗ്രാമത്തില്‍ തിരിച്ചില്‍ നടത്തുകയും കൊള്ള സംഘത്തെ കണ്ടെത്തുകയും ചെയ്തു.

ഇവർ സ്വര്‍‍ണ്ണം ഒളിപ്പിച്ചയിടത്തേക്ക് എത്തിച്ചപ്പോഴാണ് മോഷ്ടാക്കൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതിനിടെ സംഘത്തിലെ മണിബാല്‍ എന്നയാള്‍ വെടിയേറ്റു മരിച്ചു. ബാക്കിയുള്ളവരെ പൊലീസ് പിടികൂടി. രാജസ്ഥാനില്‍ നിന്നുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നും. ദിവസങ്ങളായി ആസൂത്രണം ചെയ്താണ് ഇവര്‍ കൊള്ള നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.