തിരുവനന്തപുരം: ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി. സംഭവം ദൗര്‍ഭാഗ്യകരമായെന്നും ചെങ്കോട്ടയില്‍ പാറേണ്ടത് ദേശീയ പതാകയായിരുന്നുവെന്നും ശശി തരൂര്‍ ട്വിറ്ററിൽ കുറിച്ചു.
‘കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തില്‍ പ്രതിഷേധിച്ചുള്ള കര്‍ഷകരുടെ പ്രതിഷേധത്തെ ഞാന്‍ തുടക്കം മുതല്‍ പിന്തുണച്ചിട്ടുണ്ട്. പക്ഷേ, നിയമവ്യവസ്ഥ തകരുന്നത് ക്ഷമിക്കാനാകില്ല.
റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാകയാണ് ഉയർത്തേണ്ടിയിരുന്നത്’, ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം കാർഷിക നിയമങ്ങൾ ഉടനടി പിൻവലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർഷകർ നടത്തിയ ട്രാക്ടർ പരേഡിനിടെ ഉണ്ടായ സംഘർഷങ്ങളെ യെച്ചൂരി തള്ളി.
ഏത് തരത്തിലുള്ള അക്രമവും ഒരു ഉത്തരമല്ല, അത് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യം മോദി സർക്കാർ സൃഷ്ടിച്ചെടുത്തതാണ്.
ഭിന്നാഭിപ്രായം ഉന്നയിക്കുന്നവരേയും അവകാശങ്ങൾ ചോദിക്കുന്നവരേയും ബിജെപിയും അവരുടെ ട്രോൾ ആർമികളും ചേർന്ന് നിന്ദിക്കുകയാണ് ഉണ്ടായിട്ടുള്ളത്. മന്ത്രിമാർ വരെ വന്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കോടതിയിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉദ്യോഗസ്ഥർ വാദിക്കുന്നു. കർഷകരെ ന്യായമായല്ല നേരിട്ടിട്ടുള്ളതെന്നും യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
ഡെൽഹിയിലെ നിരവധി സ്ഥലങ്ങളിൽ പൊലീസ് സേനയും പ്രതിഷേധിച്ച കർഷകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനാൽ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും ഡെൽഹി പോലീസ് കർഷകരോട് അഭ്യർത്ഥിച്ചു. ട്രാക്ടർ റാലി പരേഡിനായി മുൻകൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കർഷകരോട് ആവശ്യപ്പെട്ടു.
റിപബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡെല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.