ന്യൂഡെൽഹി: മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ഡെൽഹി ശാന്തമാകുന്നു. കർഷകർ തങ്ങളുടെ സമരഭൂമിയായ സിംഘു അതിർത്തിയിലേക്ക് മടങ്ങുകയാണ്. ഇന്നു രാത്രിയോടു കൂടി കർഷകർ പൂർണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം.എന്നാൽ ഏതാനും കർഷകർ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറച്ചിട്ടുണ്ട്.
അതേസമയം, സിംഘു അടക്കമുള്ള ഡെൽഹിയുടെ അഞ്ച് അതിർത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. രാവിലെ പതിനായിരക്കണക്കിന് കർഷകർ നടത്തിയ ട്രാക്ടർ റാലിയാണ് സംഘർഷത്തിൽ കലാശിച്ചത്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരേ കേസെടുക്കുമെന്ന് ഡെൽഹി പോലീസ് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, ഡെൽഹിയിൽ സുരക്ഷക്കായി 15 കമ്പനി അർദ്ധസൈനികരെ കൂടുതൽ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഐടിഒ, ഗാസിപുർ, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.