ഉമ്മൻചാണ്ടി ചെയർമാനായി തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

ന്യുഡെൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെയർമാനായി കെപിസിസി തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ ഓദ്യോഗികമായി പ്രഖ്യാപിച്ച് ഹൈക്കമാൻഡ്. പത്തംഗങ്ങളാണ് സമിതിയിൽ ഉമ്മൻചാണ്ടിയെക്കൂടാതെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, താരിഖ് അൻവർ, കെ മുരളീധരൻ, വി.എം സുധീരൻ, കെ. സുധാകരൻ, കൊടുക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവരടങ്ങുന്നതാണ് സമിതി. ശശി തരൂരിനെ ഹൈക്കമാൻഡ് നിർദേശ പ്രകാരമാണ് സമിതിയിൽ ഉൾപ്പെടുത്തിയത്.

പത്തംഗ സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ വിലയിരുത്തും. തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്കും ഈ സമിതിയാണ് നേതൃത്വം നൽകുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി, തിരഞ്ഞെടുപ്പ് സമിതി, സ്ഥാനാർഥി നിർണയ സമിതി, പ്രചാരണ സമിതി എന്നിവയും ഉടൻതന്നെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും.

യുവാക്കൾക്കും സ്ത്രീകൾക്കും അവശ, ദുർബല വിഭാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതുകൂടിയാവും ഇത്തവണ കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയെന്നാണ് സൂചന. ജയസാധ്യതയ്ക്കും ജനബന്ധത്തിനും സാമുദായിക പ്രാതിനിധ്യത്തിനുമാകണം മുഖ്യപരിഗണനയെന്നും നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു ശേഷം എംഎൽഎമാരുമായി കൂടിയാലോചിച്ചാവും മുഖ്യമന്ത്രിയെ നിശ്ചയിക്കുക.