തിരുവനന്തപുരം: കോടതിയിൽ എഡിറ്റ് ചെയ്ത ശബ്ദരേഖയുടെ സിഡി തെളിവായി ഹാജരാക്കിയ സംഭവത്തിൽ പ്രതികരണവുമായി ബിജു രമേശ്. തനിക്കെതിരെ നടപടി സ്വീകരിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കിയതിനോടാണ് ബിജു രമേശിന്‍റെ പ്രതികരണം. ഡിവൈസ് ആണ് പരിശോധിക്കേണ്ടത്. ഇത് രണ്ട് തവണ ആവശ്യപ്പെട്ടു. അത് വിജിലൻസിന് നൽകാൻ അവിശ്വാസം ഉണ്ടായിരുന്നു. അത് നാളിതുവരെ പരിശോധിച്ചിട്ടില്ല.
ചെന്നിത്തലയെ കുറിച്ച് അറിയാവുന്നത് കൊണ്ടാണ് ഇപ്പോൾ അടുത്ത തെരഞ്ഞെടുപ്പ് നേതൃത്വം ഉമ്മൻചാണ്ടിക്ക് നൽകിയിരിക്കുന്നത്. തനിക്കെതിരായ അന്വേഷണം സ്വാഗതം ചെയ്യുന്നു. ഡിവൈസ് പുറത്തു വിടുകയാണെങ്കിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ പുറത്തുവരും. കള്ളസാക്ഷി പറഞ്ഞിട്ടില്ല. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. ഭയം കൊണ്ടാണ് പുതിയ കേസുകൾ.
മാണിയെക്കുറിച്ചു പറയുന്ന കാര്യങ്ങൾ മാത്രമേ കൊടുത്തിരുന്നുള്ളൂ. രമേശ് ചെന്നിത്തലയ്ക്ക് എതിരായ തന്റെ വാദം സാധൂകരിക്കുന്ന തെളിവുകൾ സിഡിയിൽ ഉണ്ട്. ജയിലിൽ പോകാനും തയാറാണ്. യുഡിഎഫ് കാലത്ത് എന്തിനും ഏതിനും പിരിവായിരുന്നു. പല രീതിയിലാണ് ടോർച്ചർ ചെയ്യുന്നത്. സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഹൃദയം പൊട്ടി മരിച്ചു പോയേനെ.
കാലു പിടിച്ചു പറഞ്ഞത് കൊണ്ടാണ് രമേശ് ചെന്നിത്തലയെ രഹസ്യമൊഴിയിൽ ഒഴിവാക്കിയത്. യാചിക്കും പോലെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റ് കോടതിയിൽ എന്ത് കണ്ടെത്തും എന്നത് കാത്തിരുന്നു കാണാം. വഴിത്തിരിവ് ഉണ്ടാകാൻ സാധ്യതയുണ്ട്. 164 മൊഴി കൊടുത്ത സമയത്ത് നൽകിയ സിഡി, ഡിവൈസ് എന്നിവ ഇതുവരെ ഒരു ഏജൻസിയും പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് തവണ വിജിലൻസ് കോടതിയിൽ പരാതി പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിമാർ അടക്കം പലരും ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു. കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം എവിടെയും എത്തില്ല. വെള്ളാപ്പള്ളിയെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ശാശ്വതീകാനന്ദയുടെ മരണത്തിലെ അന്വേഷണം പോലും എങ്ങും എത്തിയിട്ടില്ല. പിന്നെയല്ലേ മഹേശന്റെ കേസെന്നും അദ്ദേഹം ചോദിച്ചു.