ന്യുഡെൽഹി: എൻഐഎയുടെ ചോദ്യം ചെയ്യലിനു ഹാജരാകില്ലെന്ന് കർഷകനേതാവ് ബൽദേവ് സിങ് സിർസ. നാളെ ഹാജരാകാൻ എൻഐഎ നോട്ടിസ് നൽകിയിരുന്നു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സിർസ ആരോപിച്ചിരുന്നു.
പ്രക്ഷോഭത്തിൽ നിരോധിത സംഘടനയായ സിഖ്സ് ഫോർജസ്റ്റിസിന്റെ പങ്ക് അന്വേഷിക്കുന്നതിനിടെയാണ് എൻഐഎ നീക്കം. സമരത്തിന് സംഘടനയുടെ ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്രം ആരോപിച്ചിട്ടുണ്ട്. സമരത്തെ പിന്തുണയ്‍ക്കുന്ന മാധ്യമപ്രവർത്തകൻ ബൽതേജ് പന്നു, വ്യവസായി ഇന്ദ്രപാൽസിങ് ഉൾപ്പെടെ നാലുപേർക്കും എൻഐഎ നോട്ടിസ് അയച്ചിട്ടുണ്ട്.
സമരം ദുർബലപ്പെടുത്തുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നാണ് കർഷകസംഘടനകളുടെ ആരോപണം. എസ്എഫ്ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകൾ സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകി ഭീകരവാദം വളർത്താൻ ശ്രമിക്കുകയാണെന്നാണ് എൻഐഎ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
ഇക്കഴിഞ്ഞ മാസങ്ങളിൽ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങൾ, കർഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ എംബസികൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഡിസംബർ 12-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ, എഫ്സിആർഎ വിഭാഗം എന്നിവരുടെ യോഗം വിളിച്ചിരുന്നുവെന്നാണ് വിവരം. എസ്എഫ്ജെ, ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഖലിസ്ഥാൻ ടൈഗേഴ്‌സ് ഫോഴ്‌സ് തുടങ്ങിയ സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് സൂചന.