തിരുവനന്തപുരം: ഭക്ഷ്യ കിറ്റ് നൽകാൻ തുണി സഞ്ചി വാങ്ങിയ ഇടപാടിൽ വ്യാപക ക്രമക്കേട്. നിലവാരമില്ലാത്ത സഞ്ചി ഉയർന്ന വിലക്ക് വാങ്ങിയെന്നാണ് ആക്ഷേപം. കഴിഞ്ഞ ഏപ്രിലിൽ കുടുംബശ്രീയുടെ പക്കൽ നിന്നും വാങ്ങിയ 84,90,066 സഞ്ചികൾക്ക് നൽകിയത് 19 രൂപ വീതമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങൾ നിലവാരം കൂടിയ സഞ്ചികൾ 6 രൂപ 40 പൈസ തോതിലാണ് നൽകിയത്. ഒരു സഞ്ചിയിൽ 12 രൂപ 60 പൈസയുടെ വ്യത്യാസം. നഷ്ടം പത്ത് കോടി രൂപയ്ക്ക് മുകളിൽ (10,69,74,831 രൂപ).
വിറ്റത് തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി
തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി നൽകി പണം തട്ടിയ കുടുംബശ്രീ യൂണിറ്റുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സപ്ലൈകോ എംഡി കുടുംബശ്രീ ഡയറക്ടർക്ക് നേരത്തേ തന്നെ കത്ത് നൽകിയിരുന്നു. പ്രാഥമിക പരിശോധനയിൽ പാലക്കാടെ ഒരു യൂണിറ്റ് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. പാലക്കാട് കേന്ദ്രീകരിച്ചുള്ള ഒരു സംഘം മറ്റ് ജില്ലകളിലെ കുടുംബശ്രീക്കാർക്കും തമിഴ് നാട് സഞ്ചി എത്തിച്ച് നൽകിയതായി വിജിലൻസിന് വിവരം ലഭിച്ചതായി റിപ്പോർട്ട് ഉണ്ട്.
തമിഴ്നാട്ടിൽ നിന്ന് ആറു രൂപയ്ക്ക് വാങ്ങി, സർക്കാരിന് വിറ്റത് 19 രൂപയ്ക്ക്
തമിഴ്നാട്ടിൽ നിന്ന് ആറു രൂപയ്ക്ക് ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി വാങ്ങി സപ്ലൈകോയ്ക്ക് പതിമൂന്നര രൂപയ്ക്ക് വിറ്റെന്നാണ് അന്ന്കുടുബശ്രീ യൂണിറ്റുകൾക്കെതിരെ കണ്ടെത്തിയ കുറ്റം. ആഭ്യന്തര വിജിലൻസിന്റ പ്രാഥമിക അന്വേഷണത്തിൽ പാലക്കാട് മങ്കരയിലെ യൂണിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ബാക്കിയുള്ളയിടത്തും പരിശോധന നടത്തി. മങ്കര യൂണിറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് സപ്ലൈകോ എംഡി കുടുംബശീ മിഷൻ ഡയറക്ടർക്ക് കത്ത് നൽകി. കുടുംബശ്രീക്കാരിൽ നിന്ന് ഗുണ നിലവാരം കുറഞ്ഞ തുണി സഞ്ചി സ്വീകരിച്ച സപ്ലൈകോയുടെ പാലക്കാട്ടെ ഡിപ്പോ മാനേജർമാർക്കെതിരെയും നടപടി വരും.
പാലക്കാടിന് പുറമെ മറ്റ് ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകളും തമിഴ് നാട് തുണി സഞ്ചി വിതരണം ചെയ്തതായാണ് വിവരം. പാലക്കാട് കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാളാണ് ഇത് യൂണിറ്റുകൾക്ക് എത്തിച്ച് നൽകിയതെന്നും സൂചനയുണ്ട്. കൊറോണ കാലത്ത് വരുമാനം കിട്ടട്ടെയെന്ന് കരുതിയാണ് ഭക്ഷ്യ കിറ്റിനുള്ള സഞ്ചികളിൽ നിശ്ചിത ശതമാനം കുടുംബശ്രീക്കാരിൽ നിന്ന് വാങ്ങാൻ സപ്ലൈകോ തീരുമാനിച്ചത്. തുണിയെടുത്ത് തയ്ച്ച് നൽകണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും പലരും തട്ടിപ്പിന്റ വഴി തിരഞ്ഞെടുക്കുകയായിരുന്നു.
സഞ്ചി വാങ്ങിയത് 26 വിതരണക്കാരിൽ നിന്നും
കുടുംബശ്രീ അടക്കം 26 വിതരണക്കാരിൽ നിന്നാണ് സർക്കാർ ഭക്ഷം കിറ്റിനുള്ള സഞ്ചികൾ വാങ്ങിയത്. ഇതിൽ ഏറ്റവും കൂടുതൽ വില ലഭിച്ചത് കുടുംബശ്രീക്കാണ് 19 രൂപ. ഏറ്റവും കുറഞ്ഞ വിലക്ക് സഞ്ചി നൽകിയത് പാലക്കാട് ജില്ല സഹകരണ പ്രിൻറിംഗ് പ്രസ് ലിമിറ്റഡ് ആണ്. 6 രൂപ 40 പൈസക്ക്. മറ്റു വിതരണക്കാർക്ക് 6.50 മുതൽ 9.34 രൂപ വരെ ലഭിച്ചു.