ഇന്‍ഡൊനീഷ്യയില്‍ ഭൂകമ്പം; ഏഴുമരണം; നിരവധിയാളുകള്‍ക്ക് പരിക്ക്

ജക്കാർത്ത: ഇൻഡൊനീഷ്യയിലെ സുലവേസി ദ്വീപിൽ വൻഭൂചലനം. ചുരുങ്ങിയത് ഏഴുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇൻഡൊനീഷ്യൻ ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കൻഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

നാലുപേർ മരിച്ചതായും 637 പേർക്ക് പരിക്കേറ്റുവെന്നുമാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തെത്തിയത്. ഇതിനു പിന്നാലെയാണ് മരണസംഖ്യയും പരിക്കേറ്റവരുടെയും സംഖ്യ ഉയർന്നത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനു പിന്നാലെ താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്.

മജെനെ സിറ്റിക്ക് ആറുകിലോമീറ്റർ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടു ഹോട്ടലുകൾ, ആശുപത്രി, ഗവർണറുടെ ഓഫീസ്, ഒരു മാൾ, നിരവധി കെട്ടിടങ്ങൾ തുടങ്ങിയവ ഭൂകമ്പത്തെ തുടർന്ന് തകർന്നവയിൽ ഉൾപ്പെടുന്നു. ഭൂകമ്പത്തിൽ തകർന്ന ആശുപത്രിയിൽ പന്ത്രണ്ടിൽ അധികം രോഗികളും ജീവനക്കാരും കുടുങ്ങിക്കിടക്കുകയാണ്.