ലാവലിനിൽ പിണറായി ബി.ജെ.പിയുമായി അന്തർധാര : രമേശ് ചെന്നിത്തല ; മുഖ്യമന്ത്രി പുത്രി വാത്സല്യത്താൽ അന്ധനായെന്ന് പി ടി തോമസ്

തിരുവനന്തപുരം: ലാവലിൻ കേസ് എവിടെ തീർന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവലിനിൽ പിണറായി ബി.ജെ.പിയുമായി അന്തർധാരയുണ്ടാക്കി. ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയത്. പിണറായി പ്രത്യേക ജനുസ് തന്നെയെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്ത്​ കേസിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത്

നിയമസഭയിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയി. ശിവശങ്കറിന് ഐ.എ.എസ് കൊടുത്തത് ഇകെ നായനാർ മന്ത്രിസഭയുടെ കാലത്താണെന്നും ചെന്നിത്തല പറഞ്ഞു.

പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോൺഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പുകളിയുടെ ആശാനാണ് പിണറായി എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സ്വർണക്കടത്ത്​ കേസിൽ അടിയന്തര പ്രമേയ അവതരണത്തിനിടെ പി.ടി തോമസ് നടത്തിയ പരാമർശം നിയമസഭയിൽ ഭരണ -പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചിരുന്നു. മുഖ്യമന്ത്രി പുത്രി വാത്സല്യത്താൽ അന്ധനായെന്ന പി.ടി തോമസിന്‍റെ പരാമർശമാണ് ബഹളത്തിന് വഴിവെച്ചത്.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തലേന്ന്​ സ്വപ്​ന ക്ലിഫ് ഹൗസിൽ വന്നിരുന്നോയെന്ന​ ചോദ്യവും പി.ടി തോമസ്​ ഉന്നയിച്ചു. പുത്രവാൽസല്യത്താൽ അന്ധനായ ധൃതരാഷ്​ട്രരെ പോലെയാണ്​ മുഖ്യമന്ത്രിയെന്നും പി.ടി തോമസ് പറഞ്ഞു.

ശിവങ്കർ സ്വപ്​നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ മുഖ്യമന്ത്രിക്ക് തടയാൻ സാധിച്ചില്ലെന്നും സ്വർണക്കടത്ത്​ കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും പി.ടി തോമസ്​ ആരോപിച്ചു.

സ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് പിടി തോമസ് ചോദിച്ചു. എം ശിവശങ്കർ വെറുതേ വന്നതല്ലെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്ലിൻ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിവാദപരമായ കേസ് വരുന്നതെന്ന് നോട്ടീസിൽ പ്രതിപക്ഷം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലാണ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലാണ്. ഈ ഗുരുതര സാഹചര്യത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.