കോടതി വിധിയില്‍ തൃപ്തരല്ല; സമരം തുടരും: ട്രാക്ടര്‍ റാലി നടത്താൻ കര്‍ഷകര്‍

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാനും വിഷയം പഠിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കാനുമുള്ള സുപ്രീം കോടതിയുടെ തീരുമാനമുണ്ടായ സഹചര്യത്തിൽ അടുത്ത നടപടികൾ തീരുമാനിക്കാൻ കർഷക സംഘടനകൾ ഉടൻ യോഗം ചേരും. സിംഗുവിലാണ് സംഘടനകൾ യോഗം ചേരുന്നത്.

നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവിൽ തൃപ്തരല്ലെന്ന് കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. സുപ്രീംകോടതി രൂപവത്കരിക്കുന്ന സമിതിക്കു മുമ്പിൽ ഹാജരാകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിക്കും. റിപ്പബ്ലിക് ദിനത്തിൽ നടത്താനുദ്ദേശിക്കുന്ന ട്രാക്ടർ റാലിയിൽനിന്ന് പിന്നോട്ടില്ലെന്നും കർഷക നേതാക്കൾ പറഞ്ഞു.

കർഷക നിയമങ്ങൾക്കെതിരെ തലസ്ഥാനത്ത് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമരസ്ഥലത്തുനിന്ന് തിരികെ പോകില്ല. വേനൽ കാലത്തും സമരം തുടരുന്നതിനായി സമര സ്ഥലത്ത് ശീതീകരണികൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ ഇന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കർഷകർ ആഗ്രഹിക്കുന്നതെങ്കിൽ അത് ചെയ്യാമെന്ന് ഇതിനോട് കോടതി പ്രതികരിച്ചു.

തർക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. നിയമങ്ങൾ സ്റ്റേ ചെയ്യാൻ അധികാരമുള്ള കോടതിക്ക് അവ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കാൻ അധികാരം ഉണ്ടെന്നും സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.