ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ കൊള്ള; നിയന്ത്രിക്കാൻ നടപടിയെന്ന് ധനവകുപ്പ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ കൊള്ളയില്‍ ഇടപെട്ട് ധനവകുപ്പ്. ആപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കാന്‍ ധനമന്ത്രി തോമസ് ഐസക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തവണത്തെ ബജറ്റിനുള്ളില്‍ തന്നെ പ്രതിവിധി നിര്‍ദേശിക്കാനാണ് ശ്രമിക്കുന്നതെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

കഴുത്തറക്കുന്ന പലിശയീടാക്കി ജനത്തെ കൊള്ളയടിക്കുന്ന മൊബൈല്‍ വായ്പാ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള വാര്‍ത്ത ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുന്ന മണി ലെന്‍ഡിങ് ആക്ട് മൊബൈല്‍ ആപ്പുകള്‍ക്ക് ബാധകമാക്കാന്‍ സാധിക്കുമോയെന്ന് പരിശോധന തുടങ്ങി.

നിക്ഷേപം സ്വീകരിക്കാതെ വായ്പ നല്‍കുകമാത്രം ചെയ്യുന്നതിനാല്‍ മണിലെന്‍ഡിങ് ആക്ട് ബാധകമാക്കാന്‍ പറ്റുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

വായ്പ നല്‍കുന്നത് മൊബൈല്‍ ആപ്പുകളാണ് എന്നതാണ് ആദ്യ പ്രശ്നം. ഇവയുടെ റജിസ്ട്രേഷനും കേരളത്തിലല്ല. മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവയ്ക്കെതിരെ എങ്ങനെ നടപടിയെടുക്കാനാകും എന്നതിന്‍റെ നിയമവശവും പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു