തിരുവനന്തപുരം: കേരള നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തി.
കൊറോണ മഹാമാരിയുടെ ലോക് ഡൗൺ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന് ഗവർണർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്.മുന്നോട്ടുള്ള പാതയും ദുർഘടമാണ്. അതിനെയും മറികടക്കാൻ കഴിയും . കൊറോണ രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ഗവർണർ പറഞ്ഞു.
കൊറോണ രോഗികളുടെ എണ്ണം കുറയ്‌ക്കാൻ കഴിയണം. കൊറോണ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 20000 കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കൊറോണയെ നേരിട്ടു.
സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസ്സം നിൽക്കുന്നു . തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്. 2 ലക്ഷത്തിലേറെ പേർക്ക് അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത് സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
നേരത്തേ നയപ്രഖ്യാപന തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.14ാം കേരള നിയമസഭയുടെ 22ാം സഭാ സമ്മേളനമാണ് ആരംഭിച്ചത്.
രാവിലെ 9ന് സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്താൻ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടർന്നു. പിന്നീട് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചു.