ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് 25,000 രൂപ; പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിച്ചാല്‍ 3 ലക്ഷം; ധനസഹായ പദ്ധതികളുമായി കർണാടക ബ്രാഹ്മണ വികസന ബോർഡ്

ബെംഗളൂരു: ബ്രാഹ്മണ കുടുംബത്തിൽപ്പെട്ട യുവതികളുടെ വിവാഹത്തിന് പ്രത്യേക ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ച് കർണാടകത്തിലെ ബ്രാഹ്മണ വികസന ബോർഡ്. പാവപ്പെട്ട യുവതികൾക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികൾക്ക് മൂന്നു വർഷത്തേക്ക് മൂന്നു ലക്ഷം രൂപവീതവും നൽകുന്ന പദ്ധിക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് ബ്രാഹ്മണരുടെ ക്ഷേമമത്തിനായി ആരംഭിച്ച ബ്രാഹ്മണ വികസന ബോർഡിന്റേതായി രണ്ട് പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അരുന്ധതി, മൈത്രേയി എന്നീ പദ്ധതികൾക്കാണ് ആദ്യഘട്ടമെന്ന നിലയിൽ ഇപ്പോൾ തുടക്കം കുറിക്കുന്നതെന്ന് ബ്രാഹ്മണ വികസന ബോർഡ് ചെയർമാനും ബിജെപി നേതാവുമായ എച്ച്. എസ്. സച്ചിദാനന്ദ മൂർത്തി പറഞ്ഞു.

അരുന്ധതി പദ്ധതി പ്രകാരം ദരിദ്ര പശ്ചാത്തലമുള്ള 550 ബ്രാഹ്മണ യുവതികൾക്ക് 25,000 രൂപവീതം വിവാഹധനസഹായമായി നൽകും. ദരിദ്ര ചുറ്റുപാടിൽനിന്നുള്ള ബ്രാഹ്മണ പൂജാരിമാരെ വിവാഹം കഴിക്കുന്ന ബ്രാഹ്മണ യുവതിക്ക് മൂന്ന് ലക്ഷത്തിന്റെ ബോണ്ട് നൽകുന്നതാണ് മൈത്രേയി പദ്ധതി. നിലവിൽ 25 യുവതികൾക്കാണ് ഇത് ലഭ്യമാകുക.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ബ്രാഹ്മണരായ കർഷകർ, പാചകജോലി ചെയ്യുന്നവർ എന്നിവരെ വിവാഹം കഴിച്ചാലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിവാഹം കഴിഞ്ഞ് മൂന്നു വർഷം പൂർത്തിയാക്കിയാലേ മൂന്നു ലക്ഷം രൂപ പൂർണമായും ലഭിക്കൂ. ഓരോ വർഷം പൂർത്തിയാക്കുമ്പോഴും ഒരു ലക്ഷം വീതമാണ് നൽകുക.

വിവാഹ ധനസഹായ പദ്ധതികൾ കൂടാതെ ബ്രാഹ്മണ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ബോർഡിനുണ്ട്. സ്കോളർഷിപ്പുകൾ, ഫീസ്, പരിശീലനങ്ങൾ തുടങ്ങിയ വകയിൽ ധനസഹായം നൽകുന്നതിന് 14 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

2018-19 കാലത്ത് കുമാരസ്വാമി സർക്കാരാണ് ബ്രാഹ്മണ വികസന ബോർഡ് രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനായി 25 കോടി രൂപ നീക്കിവെക്കുകയും ചെയ്തു. 2019 അവസാനം ബി.എസ്. യദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ബോർഡ് രൂപവത്കരിച്ചത്.

അഞ്ചോ അതിൽ കൂടുതലോ ഏക്കർ കൃഷിഭൂമി കൈവശമില്ലെന്നും 1,000 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടില്ലെന്നും പിന്നാക്ക വിഭാഗത്തിലോ പട്ടികജാതി വിഭാഗത്തിലോ പെട്ടതല്ലെന്നുമുള്ള രേഖ ഹാജരാക്കുന്ന, എട്ട് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്കു മാത്രമായിരിക്കും ബ്രാഹ്മണ വികസന ബോർഡ് പദ്ധതികളുടെ പ്രയോജനം ലഭിക്കുക. കർണാടകത്തിലെ ആറ് കോടി ജനസംഖ്യയിൽ മൂന്ന് ശതമാനമാണ് ബ്രാഹ്മണർ.