ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകർ റാലി നടത്തും. രാവിലെ 11 നാണു റാലി. 26നു റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ നടത്താൻ ലക്ഷ്യമിടുന്ന സമാന്തര പരേഡിന്റെ റിഹേഴ്സലും ഇന്നു നടത്തും.
ഡെൽഹി അതിർത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ രണ്ടായിരത്തോളം ട്രാക്ടറുകളും രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് അഞ്ഞൂറോളം ട്രാക്ടറുകളും റാലി നടത്തും.
രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള റാലി തടയാനുള്ള നീക്കം പൊലീസും ആരംഭിച്ചു. സമരക്കാരെ ഡൽഹിയിലേക്കു നീങ്ങാൻ അനുവദിക്കാതെ ദേശീയപാതകളിൽ ബാരിക്കേഡുകൾ നിരത്തി തടയും.
കർഷക സമരം തീർക്കാനുള്ള നടപടികളിൽ പുരോഗതിയില്ലെന്നു സുപ്രീം കോടതി. എന്നാൽ, ധാരണയ്ക്കു സാധ്യതയുണ്ടെന്ന് അറ്റോർണി ജനറൽ കെ കെവേണുഗോപാൽ പറഞ്ഞു.
ചർച്ച പ്രോൽസാഹിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിവാദ നിയമങ്ങൾ ചോദ്യം ചെയ്ത് അഭിഭാഷകൻ മനോഹർ ലാൽ ശർമ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
സമരക്കാർ വഴിതടയുന്നതിനെതിരെയും ഹർജികൾ നിലവിലുണ്ട്. വിദ്യാർഥികൾ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസുമുണ്ട്. എല്ലാം 11ന് പരിഗണിക്കും.
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമാന്തര റിപ്പബ്ലിക്ദിന പരേഡുകൾ നടത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. 23 – 25 തീയതികളിൽ ഗവർണർമാരുടെ വസതികൾ ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു നടത്തുമെന്നു സിഐടിയു, ഐഎൻടിയുസി, എഐടിയുസി അടക്കമുള്ള 10 സംഘടനകൾ വ്യക്തമാക്കി.