ഇന്ത്യന്‍ ബൈക്ക് റേസിങ് താരം സിഎസ് സന്തോഷിന് മത്സരത്തിനിടെ അപകടം; താരം കോമയില്‍

റിയാദ്: പ്രശസ്ത ഇന്ത്യൻ ബൈക്ക് റേസിങ് താരം സിഎസ് സന്തോഷിന് സൗദി അറേബ്യയിൽ നടന്ന ദാകർ റാലിക്കിടെ അപകടം. ആകാശമാർഗം റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ മെഡിക്കൽ സംഘം കോമയിലാക്കിയിരിക്കുകയാണ്.

ബുധനാഴ്ചയായിരുന്നു അപകടം. അപകടത്തിൽ സന്തോഷിന്റെ തലയ്ക്ക് സാരമായ പരിക്കുള്ളതായി സംശയമുണ്ട്. അപകടം നടന്നതിനു പിന്നാലെ പാരാമെഡിക്കൽ സംഘമെത്തി ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. താരം 24 മണിക്കൂർ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ വർഷം ദാകർ റാലിയിൽ മത്സരിക്കുന്നതിനിടെ ഹീറോ മോട്ടോസ്പോർട്ട് റൈഡർ പൗലോ ഗോൺകാൽവസ് അപകടത്തിൽപ്പെട്ട് മരിച്ച അതേ സ്ഥലത്താണ് ഇപ്പോൾ സന്തോഷിനും അപകടമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

37-കാരനായ സന്തോഷ് ഹീറോ മോട്ടോസ്പോർട്സിനെ പ്രതിനിധീകരിച്ചാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റാലികളിലൊന്നായ ദാകർ റാലിയിൽ പങ്കെടുത്തത്.

ലോകത്തിലെ ഏറ്റവും കഠിനമായ ഓഫ് റോഡ് മോട്ടോർ സ്പോർട്ട് ഇവന്റായി കണക്കാക്കപ്പെടുന്ന ദാകർ റാലിയിൽ ഇത് ഏഴാമത്തെ തവണയാണ് സന്തോഷ് പങ്കെടുക്കുന്നത്.

നേരത്തെ 2013-ലെ അബുദാബി ഡെസേർട്ട് ചലഞ്ചിനിടെ സന്തോഷിന് മാരകമായ ഒരു അപകടം സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ സുസുക്കി എം.എക്സ് 450 എക്സ് ബൈക്കിന് തീ പിടിച്ചതിനെ തുടർന്ന് താരത്തിന് കഴുത്തിൽ പൊള്ളലേൽക്കുകയായിരുന്നു.