കൊച്ചി: കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ജനുവരി എട്ടിനകം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് നിർത്തിവെക്കാൻ ഡിവിഷൻ ബഞ്ചിന്റെ നിർദ്ദേശം. കോടതിയലക്ഷ്യ കേസിൽ മറ്റ് നിർദ്ദശങ്ങൾ പാസാക്കാൻ സിംഗിൾ ബഞ്ചിന് കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
സർക്കാർ പള്ളി ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫ് ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബഞ്ച് നടപടി. സിംഗിൾ ബെഞ്ച് അധികാര പരിധിക്കു പുറത്തുകടന്ന് ഉത്തരവ് പുറപ്പെടുവിച്ചു എന്ന വാദമാണു സർക്കാർ ഉയർത്തിയത്. ഇതു ഡിവിഷൻ ബെഞ്ച് ഗൗരവമായി എടുക്കുകയും കോടതിയലക്ഷ്യ ഹർജിയിലെ ഉത്തരവിന്റെ നിയമസാധുത അടക്കമുള്ള വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തു.
ഈ കേസിൽ മറ്റു നിർദേശങ്ങൾ പാസാക്കാൻ സിംഗിൾ ബെഞ്ചിനു കഴിയുമോ എന്നാണു പരിശോധിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോതമംഗലം പള്ളി ഏറ്റെടുക്കില്ല എന്ന നിലപാട് സർക്കാരിനില്ലെന്നു സംസ്ഥാന സർക്കാർ കോടതിയിൽ ആവർത്തിച്ചു.
ഉത്തരവ് നടപ്പാക്കില്ലെന്നു പറഞ്ഞിട്ടില്ല, പകരം രമ്യമായി നടപ്പാക്കണം എന്നാണു നിലപാട്. ഇതിന് കൂടുതൽ സമയം ആവശ്യമാണ്. മൂന്നു മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും അത് അനുവദിച്ചില്ലെന്നും സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരും കോടതിയിൽ സമാന നിലപാടാണു സ്വീകരിച്ചത്. പള്ളിയുടെ വിഷയത്തിൽ പരസ്പര സൗഹൃദത്തോടെ പരിഹരിക്കപ്പെടേണ്ടതാണ് എന്നായിരുന്നു കേന്ദ്ര നിലപാട്.