തിരുവനന്തപുരം: കസ്റ്റംസിൻ്റെ രൂക്ഷ വിമർശനത്തിന് പിന്നാലെ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസി പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ ഹാജരാകും. കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് രണ്ട് തവണ അയ്യപ്പന് നോട്ടിസ് നൽകിയിരുന്നു. ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നത്. ഇതിന് തടസ്സങ്ങൾ ഉന്നയിച്ചതോടെയാണ് വീണ്ടും ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് അയച്ചത്. തുടർന്നാണ് അയ്യപ്പൻ നാളെ ഹാജരാകുക.
കെ അയപ്പനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറിന്റെ ഓഫിസിൽ നിന്ന് ലഭിച്ച മറുപടി. സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ സൂചിപ്പിച്ചു.
എന്നാൽ സ്പീക്കറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം പരിരക്ഷയുണ്ടെന്ന വാദത്തിന് കത്ത് തള്ളിയതിന് പിന്നാലെ കടുത്ത ഭാഷയിൽ കസ്റ്റംസിന്റെ മറുപടിയും വന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസ്സിലാക്കണമെന്ന് കസ്റ്റംസ് കത്തിൽ പറഞ്ഞു.
പൊതുതാത്പര്യപ്രകാരമാണ് ഇ- മെയിലിൽ സ്പീക്കറുടെ അഡീഷണൽ പി എ അയ്യപ്പന് നോട്ടീസ് നൽകിയത്. എന്നാൽ
ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല. ചോദ്യം ചെയ്യൽ നടപടികൾ വൈകിപ്പിക്കാനാണ് നിയമസഭാ സെക്രട്ടറിയുടെ ഈ മറുപടിയെന്ന് നേരത്തേ വിമർശനം ഉണ്ടായിരുന്നു.
കസ്റ്റംസിന്റെ വസ്തുതാപരമായ മറുപടിക്കത്ത് സ്പീക്കർക്കും സർക്കാരിനും തിരിച്ചടിയാകും. എംഎൽഎമാർക്കുള്ള പരിരക്ഷ നിയമസഭാ മന്ദിരത്തിലുള്ള ഏതൊരാൾക്കും ഉണ്ടെന്ന് പറഞ്ഞ് സ്പീക്കർ നിയമസഭാ സെക്രട്ടറിയുടെ കത്തിനെ ന്യായീകരിക്കുമ്പോൾ അറസ്റ്റിന് മാത്രമേ സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമുള്ളൂ എന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്.