ന്യൂഡെൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സന്ദര്‍ശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല. ബ്രിട്ടനിലെ അതിതീവ്ര കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. അതേസമയം, വാര്‍ത്തകളോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡെല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രിട്ടനില്‍ അതിതീവ്ര കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ബ്രിട്ടണ്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി പകുതിവരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നാണ് ബോറിസ് ജോണ്‍സണ്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ വരെ ഏര്‍പ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്നത്.