തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ നൽകിയ സബ്സിഡി തുക എത്രയാണെന്നറിയിക്കാൻ റെഗുലേറ്ററി കമീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി. സബ്സിഡിക്കായി വിനിയോഗിച്ച തുകയുടെ പൂർണ വിവരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം സബ്സിഡി നൽകുന്ന തുക സർക്കാർ കെഎസ്ഇബിക്ക് നൽകണം. ചട്ടം 65 പ്രകാരം സർക്കാറിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഇളവ് യാഥാർഥ്യമാക്കിയത്.
സബ്സിഡി നൽകാൻ സർക്കാരിൽനിന്ന് ലഭിച്ച തുകയുടെ വിശദംശങ്ങളും കമീഷൻ ആരാഞ്ഞു. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഇത് നൽകാനാണ് നിർദേശം. ലോക്ഡൗൺ കാലത്ത് സർക്കാറും ബോർഡും ഉപഭോക്താക്കൾക്ക് നൽകിയ എല്ലാ ഇളവുകൾക്കും കമീഷൻ അംഗീകാരം നൽകി.
സർക്കാർ ഇതിനായി ബോർഡിന് തുക പണമായി ഇതുവരെ നൽകിയിട്ടില്ല. സാധാരണ സർക്കാറിന് ലഭിക്കേണ്ട ഡ്യൂട്ടി അടക്കം കാര്യങ്ങളിൽ തട്ടിക്കിഴിക്കുകയാണ് ചെയ്യുക. വൈദ്യുതി മേഖലക്ക് നൽകുന്ന ഇളവുകൾ സംബന്ധിച്ച് ബോർഡ് കമീഷന് അപേക്ഷ നൽകിയിരുന്നു. ഇതിൽ തെളിവെടുപ്പിന് ശേഷമാണ് കമീഷൻ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യവസായം, ഐടി, വാണിജ്യം, സ്വകാര്യ ആശുപത്രികൾ അടക്കമുള്ളവർക്ക് ഫിക്സഡ്-ഡിമാൻറ് ചാർജുകളിൽ 25 ശതമാനം ഇളവ്, ബാക്കി 75 ശതമാനം അടയ്ക്കാൻ സാവകാശം, അധിക ഉപയോഗം വന്നവർക്ക് അഡീഷണൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത് നീട്ടിവെക്കൽ, ബിൽ തുക ഓൺലൈൻ വഴി അടക്കുന്നവർക്ക് അഞ്ച് ശതമാനം വരെ (പരമാവധി 100 രൂപ) ഇളവ്, പുതിയ സർവീസ് കണക്ഷനുകൾക്ക് മാർച്ച് 31 വരെ അപേക്ഷ ഫീസ് ഒഴിവാക്കിയത് എന്നിവക്കടക്കം കമീഷൻ അംഗീകാരം നൽകി.