പത്തനംതിട്ട: ബിജെപി പിന്തുണയിൽ അധികാരത്തിൽ വന്ന റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇനിയും രാജിവച്ചില്ല. അതേസമയം തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുന്നതിന് മുന്നോടിയായി കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും ബിജെപിയും തമ്മിൽ കരാർ ഉണ്ടാക്കിയതിൻ്റെ രേഖ പുറത്ത്. സിപിഎം ജില്ലാ നേതൃത്വം അറിഞ്ഞ് കേരള കോൺഗ്രസ് നടത്തിയ നീക്കം തള്ളി പറയാനാകാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡൻ്റ് ഇനിയും രാജിവയ്ക്കാത്തതെന്ന് ആരോപണം ശക്തമായിക്കഴിഞ്ഞു.
സംഭവം വിവാദമായതോടെ റാന്നി പഞ്ചായത്തിലെ രണ്ട് ബിജെപി പ്രതിനിധികളെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി ജില്ല പ്രസിഡൻറ് അശോകൻ കുളനട അറിയിച്ചു. കേരള കോൺഗ്രസ് ജോസ് വിഭാഗം അംഗം ശോഭാ ചാർളിയെ പിന്തുണക്കുന്നതിന് 100 രൂപ മുദ്രപ്പത്രത്തിൽ തയാറാക്കിയ കരാറിൻ്റെ പകർപ്പ് ബിജെപി നേതാവാണ് പുറത്തുവിട്ടത്. ശോഭാ ചാർളിയും ബിജെപി റാന്നി നിയോജകമണ്ഡലം പ്രസിഡൻറ് ഷൈൻ ജി കുറുപ്പുമാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
പരസ്യമായി മതതീവവാദ വിരുദ്ധ നിലപാടെടുക്കുന്ന സിപിഎം അധികാരം നേടാൻ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി ജില്ലയിലുടനീളം രഹസ്യമായി കൈകോർത്തെന്ന ആരോപണവും ഇതിനൊപ്പം ഉയരുന്നു.
റാന്നിയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്ന ഡിസംബർ 30നാണ് കരാർ ഒപ്പിട്ടത്. കേരള കോൺഗ്രസിൻ്റെ ഒഴികെ മറ്റ് എൽഡിഎഫ് പരിപാടികളിൽ ശോഭാ ചാർളി പങ്കെടുക്കുന്നത് വിലക്കുന്നതാണ് കരാർ. എൽഡിഎഫ് പരിപാടികളിൽ പങ്കെടുക്കില്ലെന്ന ഉറപ്പാണ് മുദ്രപ്പത്രത്തിൽ എഴുതി ശോഭാ ചാർളി നൽകിയത്.
സംഭവം വിവാദമായതോടെ ബിജെപി റാന്നി പഞ്ചായത്തിലെ അംഗങ്ങളായ രവീന്ദ്രൻ, വിനോദ് എന്നിവരെയാണ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ബിജെപിക്ക് രണ്ട് അംഗങ്ങൾ മാത്രമാണ് റാന്നി പഞ്ചായത്തിലുള്ളത്. ഇവരാണ് ശോഭാ ചാർളിയുടെ പേര് നിർദേശിച്ചതും പിന്താങ്ങിയതും. പാർട്ടിയുടെ രണ്ട് അംഗങ്ങൾ നേതൃത്വവുമായി ആലോചിക്കാതെയാണ് ശോഭാ ചാർളിയെ പിന്തുണച്ചതെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചത്.
അതേസമയം, മുഖം രക്ഷിക്കാനാണ് ബിജെപി ഇവരെസസ്പെൻഡ് ചെയ്തതെന്നാണ് ആക്ഷേപം. ബിജെപി, സംഘ്പരിവാർ സംഘടനകളുമായി ആലോചിച്ച് മേൽകമ്മിറ്റികളെ അറിയിച്ചാണ് ശോഭാ ചാർളിയെ പിന്തുണക്കാൻ തീരുമാനിച്ചതെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡൻറ് ഷൈൻ ജി കുറുപ്പ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
കരാറിൽ ഒപ്പിട്ട ഷൈൻ ജി കുറുപ്പിനെതിരെ നടപടിയെടുത്തിട്ടുമില്ല. ഷൈൻ പരസ്യപ്രസ്താവന നടത്തുന്നത് ജില്ലാ നേതൃത്വം വിലക്കിയിട്ടുണ്ട്. ബിജെപി പിന്തുണയോടെ പ്രസിഡൻറായ ശോഭാ ചാർളിയെ എൽ.ഡി.എഫ് പാർലമെൻ്ററി പാർട്ടയിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, കേരള കോൺഗ്രസ് ശോഭക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.