തിരുവനന്തപുരം: എൻസിപി സംസ്ഥാന ഘടകം താമസിയാതെ പിളരുമെന്ന് വ്യക്തമായ സൂചന നൽകി ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം. ഭാവി പരിപാടി ആലോചിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുകയാണ് ഈ ദിവസങ്ങളിൽ. മാണി സി കാപ്പനും പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബര നും യുഡിഎഫിൽ ചേർന്നാലും മന്ത്രി എ കെ ശശീന്ദ്രൻ ഇടതുമുന്നണിയിൽത്തന്നെ തുടരും. ഇതിന് കോൺഗ്രസ് എസിലേക്ക് ചേക്കേറുകയെന്ന പുതുവഴി തേടുകയാണ് എ കെ ശശീന്ദ്രൻ.
രാമചന്ദ്രൻ കടന്നപ്പള്ളി വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുമില്ല. അതിനാൽ കോൺഗ്രസ് എസ്സിൽ ചേർന്ന് എലത്തൂരിൽത്തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കാനാണ് എ കെ ശശീന്ദ്രൻ ആലോചിക്കുന്നത്.
ശശീന്ദ്രൻ ഉറച്ചുനിന്നാൽ എൻസിപി പിളരുമെന്നുറപ്പാണ്. പാലായെന്നത് മാണി സി കാപ്പന് വൈകാരികവിഷയമാകാം. എന്നാൽ ശശീന്ദ്രൻ പക്ഷത്തിന് അതല്ല. മുന്നണി വിട്ടാൽ ലാഭം കാപ്പന് മാത്രമാണെന്നും, പാർട്ടിക്ക് മൊത്തത്തിൽ നഷ്ടമാണെന്നുമാണ് ശശീന്ദ്രൻ പക്ഷം വാദിക്കുന്നത്.
ജോസ് ഇടത്തോട്ട് ചാഞ്ഞപ്പോൾ തന്നെ എൻസിപി പുറത്ത് പോകാനുള്ള ചർച്ചകളും തുടങ്ങിയിരുന്നു. ജോസിന് പാലാ സിപിഎം ഉറപ്പ് നൽകിയതോടെ കാപ്പനെ പാലായിൽ ഇറക്കാൻ കോൺഗ്രസ്സും നീക്കം തുടങ്ങിയെന്നാണ് സൂചന. കാപ്പൻ മാത്രമല്ല എൻസിപി തന്നെ ഇപ്പോൾ യുഡിഎഫിലേക്ക് പോകാനുള്ള അന്തിമചർച്ചയിലാണെന്നിരിക്കേ കേന്ദ്ര നേതൃത്വത്തിനും ഉള്ളത് അനുകൂലനിലപാട്. പഴയ എൻസിപി നേതാവും നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയുമായ താരിഖ് അൻവറും ചർച്ചകളിൽ സജീവമാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അവഗണിച്ചെന്ന പരാതി പാാർട്ടിക്കുള്ളിൽ ശക്തമാണ്.
എന്നാൽ ഔദ്യോഗികമായി ഈ വാർത്തകളൊന്നും എൻസിപിയോ എ കെ ശശീന്ദ്രനോ അംഗീകരിക്കുന്നില്ല. പാർട്ടി വിടുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ശശീന്ദ്രൻ പറയുന്നു. എൽഡിഎഫ് ഇപ്പോഴും എൽഡിഎഫിലെ കക്ഷിയാണെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കുന്നു.
എൻസിപി ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് ഉൾപ്പെടെ ഒരു വിഭാഗത്തിന് എൽഡിഎഫിനൊപ്പം നിൽക്കാനാണ് താത്പര്യം.
അതേസമയം ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സുൽഫിക്കർ മയൂരി ഉൾപ്പെടെ ചിലർ യുഡിഎഫിനൊപ്പം നിൽക്കാനുള്ള മാണി സി കാപ്പൻ വിഭാഗത്തിന്‍റെ നിലപാടിനൊപ്പമാണ്. മുന്നണി മാറ്റം സംബന്ധിച്ച അഭിപ്രായ രൂപീകരണം ലക്ഷ്യമിട്ടാണ് ജില്ലാ നേതൃ യോഗങ്ങൾ ചേരുന്നത്.
സിറ്റിംഗ് സീറ്റുകൾ വിട്ടു കൊടുത്തുള്ള നീക്കുപോക്ക് ആരുമായും വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്. മുന്നണി മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ദേശീയ നേതാവ് പ്രഫുൽ പട്ടേൽ അടുത്ത ആഴ്ച കേരളത്തിലെത്തുന്നുമുണ്ട്.ഇതിന് മുമ്പ് കഴിയുന്നത്ര പേരെ ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് ഇരുവിഭാഗവും.