കോട്ടയം: സ്ത്രീകൾക്കെതിരായ ഗാർഹികപീഡനം ഏറ്റവും കുറവ് കേരളത്തിൽ. 18-നും 49-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ നിലയെക്കുറിച്ചുള്ള ഈ വിവരങ്ങൾ വ്യക്തമായത് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിലാണ്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസാണ് 2019-20-ലെ റിപ്പോർട്ട് തയ്യാറാക്കിയത്.
മുമ്പ് സർവേ നടന്നത് 2015-16-ലാണ്. അന്ന് 14.9 ശതമാനമായിരുന്നു സംസ്ഥാനത്ത് ഗാർഹിക പീഡനനിരക്ക്. അത് ഇപ്പോൾ 9.9 ശതമാനമായി കുറഞ്ഞു. പത്തുശതമാനത്തിൽ താഴെയുള്ള സംസ്ഥാനങ്ങൾ അപൂർവമാണ്. കർണാടക-44, ബിഹാർ-40, പശ്ചിമബംഗാൾ-27, ആന്ധ്രാപ്രദേശ്-30, മഹാരാഷ്ട്ര-25, ഗുജറാത്ത്-14 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ നില.
സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതനിലവാരത്തിലും കേരളം മുന്നാക്കമാണെന്നും സർവേ വിലയിരുത്തുന്നു. ശിശുമരണനിരക്ക് ഏറ്റവും കുറവും ഇവിടെത്തന്നെ. സർവേയിൽ ഉൾപ്പെട്ട 22 സംസ്ഥാനങ്ങളിൽ ശിശുമരണനിരക്കിൽ അഞ്ചുശതമാനത്തിൽ താഴെയുള്ളത് കേരളത്തിൽ മാത്രമാണ്.
നവജാതശിശുക്കളുടെ മരണനിരക്ക് സംസ്ഥാനത്ത് 3.4 ശതമാനവും ശിശുമരണനിരക്ക് 4.4 ശതമാനവുമാണ്. ആരോഗ്യരംഗത്ത് പുരോഗതിയുണ്ടായിട്ടും ആന്ധ്ര-30.3, ഗുജറാത്ത്-31.2, കർണാടക-25.4 എന്നിവിടങ്ങളിൽ ഉയർന്ന ശിശുമരണനിരക്കുണ്ട്.
ശൈശവവിവാഹ നിരക്കും കേരളത്തിൽ കുറവാണ്. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹത്തിന്റെ ശതമാനനിരക്ക് ആന്ധ്രാപ്രദേശ്-29.3, ഗുജറാത്ത് 21.8, കർണാടക 21.3 എന്നിങ്ങനെയാണ്. എന്നാൽ, കേരളത്തിൽ 6.3 ശതമാനം മാത്രം.
2016-ൽ 1049 സ്ത്രീകളും 1000 പുരുഷന്മാരും എന്ന നിലയിലായിരുന്നു കേരളം. ഇപ്പോൾ സ്ത്രീപുരുഷാനുപാതം 1121/1000 എന്നതിലേക്കെത്തി. സ്ത്രീകളുടെ എണ്ണം വർധിക്കുന്നത് പെൺകുഞ്ഞുങ്ങളോടുള്ള മനോഭാവത്തിലെ മാറ്റം മൂലമെന്നാണ് കരുതുന്നത്.
വൈദ്യുതീകരിച്ച വീടുകളുടെയും പാചകവാതക ഉപയോഗത്തിന്റെയും കാര്യത്തിൽ മിക്ക സംസ്ഥാനങ്ങളും കേരളത്തിനൊപ്പമുണ്ട്. കേന്ദ്രസർക്കാരിന്റെ വൈദ്യുതീകരണ പദ്ധതികളും സൗജന്യപാചകവാതക വിതരണവും എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയതിനാലാണിതെന്ന് റിപ്പോർട്ട് പറയുന്നു.