കൊച്ചി: ബിവറേജസ് കോർപറേഷനിലും പിൻവാതിൽ നിയമനത്തിന് തിരക്കിട്ട നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുമ്പ് നിയമനത്തിനാണ് നീക്കം.
സ്വകാര്യ കരാറുകാർ വഴി നിയമിക്കപ്പെട്ട സെക്യൂരിറ്റി ജീവനക്കാരെയാണ് ഏറ്റവുമൊടുവിൽ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമനലോബിക്ക് പിന്തുണയുമായി കോർപറേഷനിലെ ഇടത് യൂണിനുകളുടെ നേതാക്കളും രംഗത്തുണ്ട്.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി സ്വീപ്പർ, സ്കാവഞ്ചർ തസ്തികയിലേക്ക് നേരിട്ട് നടത്തുന്ന നിയമനത്തിൻ്റെ മറപിടിച്ചാണ് ഇപ്പോഴത്തെ പിൻവാതിൽ നിയമനം. മറ്റ് തസ്തികകളെല്ലാം പിഎസ്സിക്ക് വിട്ടെങ്കിലും ഈ തസ്തികകൾ കോർപറേഷൻ കൈവശം വെച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 15 മുതൽ പല ദിവസങ്ങളിലായി തൃശൂരിലെ റീജനൽ മാനേജരറുടെ ഓഫിസിൽ ഇതിന് ഇൻറർവ്യൂവും നടത്തിയിരുന്നു. തദ്ദേശതെരഞ്ഞെടുപ്പ് വന്നതോടെ നിർത്തിവെച്ച നിയമന നടപടികൾ ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്.
എത്ര ഒഴിവുണ്ടെന്നോ എത്രപേരെ നിയമിക്കുമെന്നോ ഉള്ള വിവരങ്ങൾ കോർപറേഷൻ പുറത്തുവിട്ടിട്ടുമില്ല. വിധവകൾ, വികലാംഗർ, മറ്റ് നിരാലംബർ എന്നിവർക്കൊക്കെ മുൻഗണനയുണ്ടെങ്കിലും രഹസ്യ ഇൻറർവ്യൂവിന് എത്തിയതിൽ ബഹുഭൂരിപക്ഷവും ഭരണകക്ഷിയിലെ നേതാക്കളുടെ അടുത്ത ബന്ധുക്കളും മറ്റുമാണെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
ഏതാനും വർഷം മുമ്പ് കുപ്പികളിൽ ലേബൽ പതിപ്പിക്കാൻ കരാർ എടുത്തവർ നിയോഗിച്ച നൂറുകണക്കിന് കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തിയിരുന്നു. കേരളത്തിൽ ചാരായനിരോധനം വന്ന കാലത്ത് തൊഴിൽരഹിതരായവരെയും ആശ്രിതരെയും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിനുകീഴിൽ ബിവറേജസ് കോർപറേഷനിലേക്ക് നിയോഗിച്ചിരുന്നു. ഇത്തരത്തിലെ രണ്ടായിരത്തോളംപേർ ഇപ്പോഴും കോർപറേഷൻ്റെ ഭാഗമായിട്ടില്ല. ഇവരെ തഴഞ്ഞാണ് യൂണിയൻ നേതാക്കൾക്കും മറ്റും താൽപര്യമുള്ളവരെ തിരുകിക്കയറ്റുന്നത്.
അബ്കാരി മേഖലയിൽ തൊഴിൽ പരിചയമുള്ളവരെന്ന പേരിലാണ് മിക്കവരെയും കോർപറേഷനിൽ സ്ഥിരപ്പെടുത്തുന്നത്. പല ജോലികൾക്കായി കരാറടിസ്ഥാനത്തിൽ കയറിപ്പറ്റുന്നവർ പിന്നീട് തൊഴിൽപരിചയം നേടാൻ കഴിയുന്ന വിഭാഗങ്ങളിലേക്ക് മാറുകയാണ് പതിവ്.