സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ട്വന്‍റി 20 ട്രോഫിക്കുള്ള മുംബൈ ടീമിൽ

മുംബൈ: ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ മുഷ്​താഖ്​ അലി ട്വന്‍റി 20 ട്രോഫിക്കുള്ള മുംബൈ ടീമിൽ ഇടംപിടിച്ചു. ഇടംകൈയ്യൻ പേസറായ അർജുൻ ഇതാദ്യമായാണ്​ ഒരു സീനിയർ ടീമിൽ ഇടംപിടിക്കുന്നത്​.

ഡെൽഹി, ഹരിയാന, കേരളം, ആന്ധ്ര തുടങ്ങിയവരുൾപ്പെട്ട ഗ്രൂപ്പ്​ ‘ഇ’യിലാണ്​ മുംബൈ കളിക്കുന്നത്​. ഇന്ത്യ അണ്ടർ 19 ടീമിനായും ഇന്ത്യൻ ടീമിന്‍റെ നെറ്റ്​സിലും അർജുൻ പന്തെറിഞ്ഞിട്ടുണ്ട്​​. മുഷ്​താഖ്​ അലി ട്രോഫിക്കുള്ള 22 അംഗ ടീമിനെ ഇന്നാണ്​ പ്രഖ്യാപിച്ചത്​.

മുംബൈ ഇന്ത്യൻസ്​ താരം സൂര്യകുമാർ യാദവാണ്​ ടീമിനെ നയിക്കുന്നത്​. ആദിത്യ താരെ, യശസ്വി ജയ്​സ്വാൾ, സർഫറാസ്​ ഖാൻ, ശിവം ദുബെ, ധവാൽ കുൽക്കർണി അടക്കമുള്ള പ്രമുഖ താരങ്ങൾ മുംബൈ ടീമിലുണ്ട്​. അതേസമയം ആസ്​ട്രേലിയൻ പര്യടനത്തിനിടെ തോളിന്​ പരിക്കേറ്റ ശ്രേയസ്​ അയ്യർ ടീമിലില്ലാത്തത്​​ മുംബൈക്ക്​ തിരിച്ചടിയാണ്​.