സനാ: യെമനില്‍ വിവാഹ ഹാളില്‍ ബോംബ് സ്‌ഫോടനം. പുതുവത്സര ദിനത്തിലായിരുന്നു ആക്രമണം. ഹൊദെയ്ദ സിറ്റിയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെടുകയും 26ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് ഹൂതി വിമതര്‍ പറഞ്ഞു. യെമനില്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന സംഘം വിമാനമിറങ്ങിയതിനു പിന്നാലെ യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ബോംബ് സ്‌ഫോടനമുണ്ടായിരുന്നു. ഈ സ്ഫോടനത്തിൽ 22 പേർമരിക്കുകയും അറുപതോളം പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.
സൗദി അറേബ്യയില്‍നിന്നാണ് പ്രധാനമന്ത്രി മായിന്‍ അബ്‌ദുല്‍ മാലിക്ക് സയീദിന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ വിമാനമിറങ്ങിയത്. യെമനിലെ സൗദി സ്‌ഥാനപതിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.