കൊച്ചി: ബീച്ച് റോഡിന് സമീപം ഫോര്‍ട്ട്കൊച്ചി മൂലങ്കുഴി മേഖലയില്‍ വിസ്താരമേറിയ കടല്‍ തീരം തെളിയുകയാണ്. ഫോര്‍ട്ട്കൊച്ചി കടപ്പുറം കടല്‍ കയറിയതില്‍ നാട്ടുകാര്‍ മനം നൊന്തിരിക്കെയാണ് രണ്ടര കിലോമീറ്റര്‍ മാറി പുതിയ തീരം ഉടലെടുത്തിരിക്കുന്നത്.
ഫോര്‍ട്ട്കൊച്ചി കടല്‍ തീരവും ചെറിയ തോതില്‍ തെളിയുന്നുണ്ടെങ്കിലും പായലും മാലിന്യവും നിറഞ്ഞിരിക്കയാണ്. ഇത് കടപ്പുറം കാണാനെത്തുന്നവരുടെ മനം മടുപ്പിക്കുകയാണ്. അടിഞ്ഞുകൂടുന്ന മാലിന്യം യന്ത്രസഹായത്തോടെ മാറ്റാനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഒഴിവു ദിവസങ്ങളില്‍ ഫോര്‍ട്ട്കൊച്ചി സൗത്ത് കടപ്പുറത്ത് കുളിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്.
ഈ ഭാഗത്ത് പായല്‍ ശല്യം കുറവാണ്. മൂലങ്കുഴിയില്‍ നേരത്തേവള്ളങ്ങള്‍ അടുപ്പിച്ചിരുന്ന മേഖലയിലാണ് പുതിയ തീരം രൂപപ്പെട്ടിരിക്കുന്നത്. എന്നാല്‍, ബീച്ചിലേക്ക് കയറാന്‍ ചെറിയ ഇടവഴികള്‍ മാത്രമുള്ളത് പ്രശ്നമാണ്.
എന്നിരുന്നാലും സായാഹ്നങ്ങളില്‍ ഇവിടെ തിരക്കേറുകയാണ്. പകൽ സമയങ്ങളില്‍ ഫുട്ബാള്‍ കളിക്കാനു മറ്റുമായി യുവാക്കള്‍ എത്തുന്നുണ്ട്. പുതിയ തീരമായതിനാല്‍ കനത്ത പൂഴിമണല്‍ അല്ലാത്തതിനാല്‍ സൈക്കിള്‍ സവാരിക്കും കുട്ടികള്‍ എത്തുന്നുണ്ട്. മൂലങ്കുഴി ബീച്ച് നിലനിര്‍ത്തുന്നതിനും സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നടപടികളും അധികൃതര്‍ ആലോചിച്ചുവരികയാണ്.