ഷ​ഗീൻബാ​ഗിൽ വെടിവയ്പ് നടത്തിയ കപിൽ ​ഗുർജർ ബിജെപിയിൽ ചേർന്നു; മണിക്കൂറുകൾക്കുള്ളിൽ ​​ഗുർജറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ന്യൂഡെൽഹി: പൗരത്വ നിയമഭേദ​ഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷ​ഗീൻബാ​ഗിൽ വെടിവയ്പ് നടത്തിയ കപിൽ ​ഗുർജർ ബിജെപിയിൽ ചേർന്നു. ​വെടിവയ്പ് കേസിൽ പ്രതിയാണെന്ന് അറിഞ്ഞതോടെ അം​ഗത്വം നൽകി മണിക്കൂറുകൾക്കുള്ളിൽ ​​ഗുർജറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഗാസിയാബാദിൽ നടന്ന ചടങ്ങിലാണ് കപിൽ ​ഗുർജറിന് ബിജെപി അം​ഗത്വം നൽകിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കപിൽ ​ഗുർജർ ഷഹീൻബാ​ഗിൽ വെടിവയ്പ് നടത്തിയത്. സമരപന്തലിന് സമീപമെത്തിയ ​ഗുർ‌ജർ ആകാശത്തേയ്ക്ക് രണ്ട് തവണ വെടിയുതിർത്തു. പ്രദേശത്തുണ്ടായിരുന്ന പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. താനും പിതാവ് ഗജേ സിങ്ങും 2019 മുതൽ ആം ആദ്മി പാർട്ടി പ്രവർത്തകരാണെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിനിടെ കപിൽ ഗുർജർ പറഞ്ഞിരുന്നു.

ഷഹീൻബാഗ്‌ വെടിവയ്പ്പുമായി കപിൽ ​ഗുർജറിന് ബന്ധമുള്ളതായി അറിയില്ലായിരുന്നുവെന്ന് ഗാസിയാബാദ് ബിജെപി അധ്യക്ഷൻ സഞ്ജീവ് ശർമ പറഞ്ഞു. ബിജെപി ഹിന്ദുത്വത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനാലാണ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഗുർജർ പറഞ്ഞിരുന്നു.