പ്രസാദ് സ്റ്റുഡിയോയുടെ പടിയിറങ്ങി ഇളയരാജ: പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും കൊണ്ടുപോയി

ചെന്നൈ: പ്രസാദ് സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും സംഗീത സംവിധായകൻ ഇളയരാജ രണ്ട് വാഹനങ്ങളിൽ കയറ്റി വീട്ടിലേക്ക് കൊണ്ടു പോയി.

ഇളയരാജയ്ക്കു ലഭിച്ച പുരസ്കാരങ്ങൾ, സംഗീതോപകരണങ്ങൾ, ഏഴ് അലമാരകൾ എന്നിവ ഉൾപ്പെടെ 160 സാധനങ്ങളാണ് അദ്ദേഹം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. ഇളയരാജ 30 വർഷമായി പ്രസാദ് സ്റ്റുഡിയോയുടെ മുറിയാണ് റെക്കോഡിങ്ങിനായി ഉപയോഗിച്ചിരുന്നത്. സ്റ്റുഡിയോയുടെ സ്ഥാപകൻ എൽവി പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെയായിരുന്നു ഉപയോഗിച്ചിരുന്നത്.

എന്നാൽ, കഴിഞ്ഞ വർഷം പ്രസാദിന്റെ പിൻഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, 30 വർഷത്തിലേറെയായി ഉപയോഗിച്ചിരുന്ന സ്റ്റുഡിയോയിൽനിന്ന് തന്നെ പുറത്താക്കുന്നതിനെ എതിർത്തും അവിടെ ഒരു ദിവസം ധ്യാനം ചെയ്യാൻ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയിൽ ഹർജി നൽകി. തങ്ങൾക്കെതിക്കെതിരായ കേസുകൾ പിൻവലിക്കാമെങ്കിൽ സ്റ്റുഡിയോയിൽ പ്രവേശിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകൾ നിലപാടെടുത്തതോടെ ഇളയരാജ കേസുകൾ പിൻവലിക്കാമെന്ന് കോടതിയിൽ സമ്മതിച്ചു.

സന്ദർശനസമയം ഇരു വിഭാഗത്തിനും കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് കോടതി നിർദേശിച്ചിരുന്നത്. അതു പ്രകാരമാണ് തിങ്കളാഴ്ച സ്റ്റുഡിയോയിലെത്താനും സംഗീതോപകരണങ്ങളും മറ്റു വസ്തുക്കളും എടുത്തു കൊണ്ടു പോകാനും തീരുമാനിച്ചത്. പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു.