വാഷിംഗ്ടൺ: ചില ആൻഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും 2021 ജനുവരി ഒന്ന് മുതൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പഴയ ആൻഡ്രോയ്ഡ് ഐഒഎസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലായിരിക്കും എന്നെന്നേക്കുമായി വാട്സ്ആപ്പ് സപ്പോർട്ട് അവസാനിപ്പിക്കുക.
iOS 9, Android 4.0.3 എന്നീ വേർഷനുകൾക്കും താഴെയാണ് നിങ്ങളുടെ ഫോണിൻ്റെ ഓപ്പറേറ്റിങ് സിസ്റ്റമെങ്കിൽ ഒന്നുകിൽ അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ ഫോൺ തന്നെ മാറ്റുകയോ വേണ്ടി വന്നേക്കും. അതേസമയം, പുതിയ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ ഭയക്കേണ്ടതില്ല, എല്ലാ ഫോണുകളിലും ഏറ്റവും പുതിയ ഓപറേറ്റിങ് സിസ്റ്റങ്ങളിലാണ് പ്രവർത്തിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇത് ബാധകമാവുക.
ഐ ഫോണുകളിൽ ആണെങ്കിൽ ഐഫോൺ 4Sന് മുമ്പുള്ള മോഡലുകൾക്ക് iOS 9 പിന്തുണയില്ല. ഐഫോൺ 6 മുതലുള്ള മോഡലുകൾക്കെല്ലാം തന്നെ ഏറ്റവും പുതിയ അപ്ഡേറ്റ് ലഭിച്ചുകഴിഞ്ഞു. ഐഫോൺ 5, 5S, ഫസ്റ്റ് ജെൻ എസ്.ഇ എന്നീ മോഡലുകൾക്ക് iOS 12 വരെ അപ്ഡേറ്റ് ലഭിച്ചിട്ടുമുണ്ട്. എന്നാൽ, മുകളിൽ പറഞ്ഞ ഫോണുകളിൽ iOS 8ൽ പ്രവർത്തിക്കുന്നവയുണ്ടെങ്കിൽ എത്രയും പെട്ടന്ന് അപ്ഡേറ്റ് ചെയ്താൽ മാത്രമായിരിക്കും പുതുവർഷം മുതൽ വാട്സ്ആപ്പ് ലഭിക്കുക.
അതുപോലെ ആൻഡ്രോയ്ഡ് 4.0.3 പിന്തുണയില്ലാത്ത സാംസങ് ഗാലക്സി എസ്2, മോട്ടറോള ഡ്രോയ്ഡ്, എച്ച്.ടി.സി ഡിസയർ പോലുള്ള ഫോണുകളിലും 2021 മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല.