മലങ്കരസഭാ തർക്കം; പള‌ളിപിടുത്തം തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് യാക്കോബായസഭ ; വി മുരളീധരനും പിഎസ് ശ്രീധരൻ പിള്ളയും ചർച്ചകൾ തുടരും

ന്യൂഡെൽഹി: മലങ്കരസഭാ തർക്ക വിഷയങ്ങളിൽ യാക്കോബായ പ്രതിനിധികൾ പ്രധാനമന്ത്രിയുമായി ഇന്ന് ചർച്ച നടത്തി. നീതി നിഷേധം ചർച്ച ചെയ്യണമെന്ന് സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പള‌ളിപിടുത്തം തടയാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ സഭാ പ്രതിനിധികൾ അഭ്യർത്ഥിച്ചു. തുടർ ചർച്ചകൾക്ക് കേന്ദ്രമന്ത്രി വി മുരളീധരനെയും മിസോറാം ഗവർണറായ പി.എസ് ശ്രീധരൻ പിള‌ളയെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി.

ഭൂരിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെട്ടെന്നും കോടതി വിധിയിലെ നീതി നിഷേധം ചർച്ച ചെയ്യണമെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ സുപ്രീംകോടതി വിധിയിൽ വിട്ടുവീഴ്‌ചയ്‌ക്ക് ഓർത്തഡോക്‌സ് സഭക്കാർ തയ്യാറായിട്ടില്ല. തുല്യനീതി ലഭിക്കുമെന്ന് കരുതുന്നതായും തുറന്ന സമീപനമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് യാക്കോബായ പ്രതിനിധികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വലിയ ക്രമസമാധാന പ്രശ്‌നമാകുന്ന കാര്യമാണ് സഭാതർക്കമെന്നും അതിൽ പ്രധാനമന്ത്രി ഇടപെട്ടതിൽ തെ‌റ്റില്ലെന്നും ഈ കാര്യത്തിൽ രാഷ്‌ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.