എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് വാദം കേൾക്കുന്നത്. ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസിന്‍റെ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. തനിക്കെതിരെ കേസിലെ ഒരു സാക്ഷിയുടെ മൊഴി മാത്രമാണുള്ളതെന്നും ശിവശങ്കര്‍ വാദിക്കുന്നു. എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലും സ്വാഭാവിക ജാമ്യം തേടി ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റപത്രം അപൂര്‍ണമാണെന്നും ക്രിമിനൽ നടപടിച്ചട്ടത്തിലെ 167 വകുപ്പ് പ്രകാരം ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് വാദം.