പിഎംസി വായ്പ തട്ടിപ്പ്; സഞ്ജയ് റാവത്തിന്റെ ഭാര്യയ്ക്ക് ഇഡി മൂന്നാമതും സമന്‍സയച്ചു

പുണെ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസയച്ചു. ഡിസംബർ 29-ന് മുംബൈയിലെ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.

ഈ വിഷയത്തിൽ വർഷ റാവത്തിന് ഇഡി അയയ്ക്കുന്ന മൂന്നാമത്തെ സമൻസാണിത്. നേരത്തെ രണ്ടു തവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ വർഷ റാവത്ത് ഹാജരായിരുന്നില്ല.

ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചില വിവരങ്ങൾ ചോദിച്ചറിയാനാണ് വർഷ റാവത്തിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നതെന്നാണ് ഔദ്യോഗിക സൂചന. പിഎംസി ബാങ്കുമായി ബന്ധപ്പെട്ട് നടന്ന വായ്പ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം 2019 ഒക്ടോബറിലാണ് ഇഡി ആരംഭിച്ചത്.

എച്ച്ഡിഐഎൽ രക്ഷാധികാരികളായ രാകേഷ് കുമാർ വധ്വാൻ, മകൻ സാരംഗ് വധ്വാൻ, സ്ഥാപനത്തിന്റെ മുൻ ചെയർമാൻ വാര്യം സിങ്, മുൻ മാനേജിങ് ഡയറക്ടർ ജോയ് തോമസ് എന്നിവർക്കെതിരെയാണ് അന്വേഷണം. വായ്പാ ക്രമക്കേടിൽ ബാങ്കിന് 4355 കോടി രൂപയാണ് നഷ്ടമുണ്ടായത്.