പട്‌ന: ജെഡിയു ദേശീയ പ്രസിഡന്റായി രാജ്യസഭ എംപി ആര്‍സിപി സിങ്ങിനെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു. നിതീഷ് കുമാര്‍ ദേശീയ പ്രസിഡന്റ് പദവി ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.നിതീഷ് കുമാറാണ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്.
നിതീഷിന്റെ വിശ്വസ്തനായ ആര്‍സിപി സിങ് യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. സിവില്‍ സര്‍വീസിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. നിതീഷിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാറിലെ നളന്ദയില്‍ നിന്നുളള നേതാവാണ് സിങ്.
രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തത്. അരുണാചല്‍ പ്രദേശില്‍ ജെഡിയുവിലെ ഏഴ് എംഎല്‍എമാരില്‍ ആറുപേര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതും എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയായി. പശ്ചിമബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും യോഗം ചര്‍ച്ച ചെയ്തു.