ചണ്ഡീഗഢ്: ഹരിയാനയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ അവിശ്വാസപ്രമേയ നീക്കവുമായി കോണ്ഗ്രസ്. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് നിരവധി സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിട്ടുണ്ടെന്നും സർക്കാർ ന്യൂനപക്ഷമായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.
നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ഹൂഡ ആവശ്യപ്പെട്ടു. ഇന്ന് സംസ്ഥാനത്തെ കർഷകർ ഹരിയാനയിൽ ഇല്ല. അവർ ഡൽഹിയിലെ അതിർത്തികളിൽ പ്രതിഷേധിക്കുകയാണ്. കർഷകരുടെ ഇത്രയും വലിയ പ്രക്ഷോഭത്തെ സർക്കാർ ഒരു പ്രശ്നമായി കണക്കാക്കുന്നില്ലേ എന്നും ഹുഡ ചോദിച്ചു.
കർഷകരുടെ രക്തസാക്ഷിത്വം ഒരു ചർച്ചയ്ക്ക് അർഹമായ പ്രശ്നമായി സർക്കാർ കാണുന്നില്ലെ എന്നും ഹുഡ ചോദിച്ചു.
അതേസമയം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കേണ്ട ആവശ്യമില്ലെന്നും പ്രതിപക്ഷത്തിന് പ്രത്യേക വിഷയങ്ങൾ ഒന്നും ഇല്ലെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞിരുന്നു.