ശബരിമലയില്‍ മണ്ഡല പൂജ ഇന്ന് ; ജനുവരി 14 ന് മകരവിളക്ക്

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡല പൂജ ഇന്ന് നടക്കും. ഉച്ചക്ക് പതിനൊന്ന് നാല്‍പ്പതിനും പന്ത്രണ്ട് ഇരുപതിനും മധ്യേയുള്ള മിഥുനം രാശിയിലാണ് മണ്ഡല പൂജ. രാത്രി ഹരിവരാസനം പടി നട അടക്കുന്നതോടെ മണ്ഡല കാലത്തിനു സമാപനമാകും.

മണ്ഡല പൂജയ്ക്ക് മുന്നോടിയായി ഇന്നലെ തങ്ക അങ്കി ചാര്‍ത്തി അയ്യന് മഹാ ദീപാരാധന നടത്തി. ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ 6.20 ഓടെയാണ് തങ്ക അങ്കി സന്നിധാനത്തെത്തിയത്. 22 ന് ആറന്‍മുളയില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കിയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം അധികൃതര്‍ ആദ്യം സ്വീകരിച്ചു.

പതിനെട്ടാം പടി കയറിയ തങ്ക അങ്കി പേടകം കൊടിമരച്ചുവട്ടില്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിന്റെ നേതൃത്വത്തില്‍ ഏറ്റു വാങ്ങി. ശേഷം, സോപാനത്തു വെച്ച് തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങി ശ്രീ കോവിലിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തി അയ്യപ്പന് മഹാ ദീപാരാധന. ദര്‍ശന സായൂജ്യമണിഞ്ഞ് നൂറ് കണക്കിന് തീര്‍ത്ഥാടകരും.

ഇനി മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് ശബരിമല നടതുറക്കും. അടുത്തമാസം 14 നാണ് മകരവിളക്ക്. തീര്‍ത്ഥാടകര്‍ക്ക് ആര്‍ റ്റി പി സി ആര്‍ കൊറോണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.