കോഴിക്കോട് ഷിഗല്ല രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനത്തിന് സാധ്യയെന്ന് റിപ്പോർട്ട്

കോഴിക്കോട് : ഷിഗല്ല രോഗത്തിന്റെ രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യയെന്ന് റിപ്പോർട്ട്. രോഗബാധ കണ്ടെത്തിയ കോട്ടാംപറമ്പ് മേഖലയിലാണ് രണ്ടാം ഘട്ട വ്യാപനം നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് പുറത്തു വന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ആരോഗ്യവകുപ്പിന് രോഗ വ്യാപനം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

വെള്ളത്തിലൂടെയാണ് ഷിഗല്ല രോഗം പടർന്നു പിടിച്ചിരിക്കുന്നത്. പ്രദേശത്ത് രോഗം ബാധിച്ച് മരിച്ച 11 വയസുകാരന്റെ സംസികാരച്ചടങ്ങിൽ പങ്കെടുത്ത 56 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മരണവീട്ടിൽ വിതരണം ചെയ്ത വെളളത്തിലൂടെയാണ് രോഗം പടർന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മൂഴിക്കൽ, ചെലവൂർ, വെള്ളിപറമ്പ്, ഒളവണ്ണ, ഫറോക്ക്, കടലുണ്ടി, മുണ്ടിക്കൽതാഴം, പന്തീരാങ്കാവ് എന്നീ പ്രദേശളങ്ങളിലുള്ള ആളുകളാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. അതിനാൽ ഈ സ്ഥലങ്ങളിൽ പ്രത്യേകത ശ്രദ്ധ വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന വൈറസ് ഇനിയും പടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രദേശം നിരന്തരമായി ശുചീകരിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.